ചെന്നൈ: ആദിവാസി ബാലനെക്കൊണ്ട് മന്ത്രി പരസ്യമായി ചെരുപ്പഴിപ്പിച്ച് പരസ്യമായി അപമാനിച്ചു. തമിഴ്നാട് വനം മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസനാണ് നീലഗിരിജില്ലയിലെ തെപ്പക്കാട് പൊതുപരിപാടിത്തെത്തുമ്പോൾ കുട്ടിയെ കൊണ്ട് ചെരുപ്പഴിപ്പിച്ച് വിവാദത്തിൽ പെട്ടത്.
മുതുമല കടുവാ സങ്കേതത്തിൽ കുങ്കി ആനകളെ പരിപാലിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ കളക്ടർക്കും ഉദ്യോഗസ്ഥർക്കുമൊപ്പംഎത്തിയതായിരുന്നു മന്ത്രി. നടന്നു വരുന്നതിനിടെ മന്ത്രി കുട്ടിയെ വിളിച്ചു വരുത്തി ചെരുപ്പഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ പ്രവേശിക്കാനാണ് ചെരുപ്പ് മാറ്റാൻ കുട്ടിയോട് മന്ത്രി നിർദേശിച്ചത്.
കുട്ടി മന്ത്രിയുടെ ചെരുപ്പഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ദളിത് സംഘടനകൾ ആവശ്യപ്പെട്ടു.