വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റാകാൻ റാപ്പർ ബില്യണ്യർ കാന്യെ വെസ്റ്റ്.
സംഗീതം, ഡിസൈൻ, ഫാഷൻ, ബിസിനസ്സ് മേഖലകളിൽ പേരെടുത്ത കാന്യെ വെസ്റ്റ് ഇനി രാഷ്ട്രീയത്തിലേക്ക്. അമേരിക്കൻ ജന്മദിനമായ ജൂലൈ 4ന് ട്വിറ്ററിലാണ് പ്രസിഡന്റാകാൻ മത്സരിക്കുന്ന വാർത്ത കാന്യെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
“ദൈവത്തിലാശ്രയിക്കുകയും, അമേരിക്കൻ സ്വപനം ഏകീകരിക്കുകയും, ഭാവി കെട്ടിപ്പടുക്കുകയും ചെയ്തു കൊണ്ട് അമേരിക്കൻ വാഗ്ദാനം സാക്ഷാത്കരിക്കാൻ സമയമായി” എന്നു തുടങ്ങുന്ന ട്വീറ്റിൽ “ഞാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു” എന്നു കാന്യെ വളച്ചു കെട്ടാതെ വ്യക്തമാക്കുന്നു. #2020vision എന്നാണ് ഹാഷ് ടാഗ്.
ഇതാദ്യമായല്ല കാന്യെ രാഷ്ട്രീയത്തിൽ വിവാദം സൃഷ്ടിക്കുന്നത്. ട്രംപിന് അദ്ദേഹം നൽകിയ പിന്തുണ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 2016 മുതൽ പ്രസിഡന്റ് ട്രംപ് അനുഭാവി ആയിരുന്ന കാന്യെ ട്വിറ്ററിൽ പല തവണ അദ്ദേഹത്തിന് തന്റെ പിന്തുണ അറിയിക്കുകയും. വൈറ്റ് ഹൗസിൽ സന്ദർശനം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ 2018ൽ പൊതു ജന ശ്രദ്ധയിൽ നിന്നകന്ന കാന്യെ “തന്നെ പലരും മുതലെടുക്കുകയായിരുന്നു” എന്നു പിന്നീട് പറഞ്ഞു.
കഴിഞ്ഞ നവംബറിൽ 2024 തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ അദ്ദേഹം നൽകിയിരുന്നു. 2018 മുതൽ ജനശ്രദ്ധയിൽ നിന്ന് മാറി നിൽക്കുന്ന റാപ്പർ ഈ വർഷം രണ്ടു പുതിയ ഗാനങ്ങൾ റിലീസ് ചെയ്തിരുന്നു. “ദൈവരാജ്യം” എന്നാണ് പുതിയ ആൽബത്തിന്റെ പേര്.
ട്വിറ്ററിൽ വലിയ കോളിളക്കം സൃഷ്ടിച്ച പ്രഖ്യാപനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച കൊഴുക്കുമ്പോൾ ഈലോൻ മസ്ക് പോലെയുള്ള പ്രമുഖർ ഇതിനോടകം അദ്ദേഹത്തിന് പിന്തുണ അറിയിച്ചു കഴിഞ്ഞു.
എത്രത്തോളം ഗൗരമാണ് ഈ പ്രഖ്യാപനം എന്നത് വരും ദിവസങ്ങളിൽ കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. കാന്യെ ആയതു കൊണ്ട് തന്നെ എന്തും സംഭവിക്കാം.