കൊറോണ കണ്ടെത്തി അറസ്റ്റിലായ ഡോക്ടർ കൊറോണ ബാധിച്ച് മരിച്ചു

ബെയ്ജിങ്: ചൈനയിലെ കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നൽകി അറസ്റ്റിലായ ഡോക്ടർ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഡോക്ടർ ലീ വെൻലിയാങ്ങാണ് (34) കൊറോണ ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തെ ചൈനീസ് അധികൃതർ കൊന്നതാണോ എന്ന ദുരൂഹത ബാക്കി.ലീ പ്ര വചിച്ചതെല്ലാം പിന്നീട് അക്ഷരം പ്രതി യാർഥ്യമായിരുന്നു. വൂഹാനിൽ നോവൽ കൊറോണ വൈറസ് ബാധയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഞെട്ടിക്കുന്ന വാർത്ത കഴിഞ്ഞ ഡിസംബറിലാണ് ലീ ലോകത്തെ അറിയിച്ചത്. അപവാദ പ്രചാരണം നടത്തിയെന്ന പേരിൽ തുടർന്ന് സർക്കാർ ലീയെ അറസ്റ്റ് ചെയ്തിരുന്നു. വൂഹാൻ സെൻട്രൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ.
നൊവൽ കൊറോണ ബാധയെക്കുറിച്ച് ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലെ ഒരു ഗ്രൂപ്പിൽ ലീ പങ്കുവെക്കുകയായിരുന്നു. ലീയുടെ സഹപാഠികളായി വൈദ്യശാസ്ത്രം പഠിച്ചവരായിരുന്നു ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ.
ലീ ഉൾപ്പെടെ എട്ടു ഡോക്ടർമാരാണ് കൊറോണയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.
പ്രാദേശിക സീ ഫുഡ് മാർക്കറ്റിൽനിന്നുള്ള ഏഴ് രോഗികൾ സാർസിനു സമാനമായ രോഗം ബാധിച്ച് തന്റെ ആശുപത്രിയിലെ ക്വാറന്റൈനിൽ ഉണ്ടെന്നായിരുന്നു ലീയുടെ സന്ദേശം. അസുഖത്തിന് കാരണം നോവൽ കൊറോണ വൈറസാണെന്ന് പരിശോധനാ ഫലത്തിൽനിന്ന് മനസിലാക്കാൻ സാധിച്ചുവെന്നും ലീ വ്യക്തമാക്കിയിരുന്നു. പ്രിയപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകാനും ലീ ഗ്രൂപ്പിലെ സുഹൃത്തുക്കളോട് അഭ്യർഥിച്ചിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ ലീയുടെ പേരുള്ള സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതിന്റെ പേരിലായിരുന്നു ലീയെ അറസ്റ്റ് ചെയ്തത്.
ലീ പറഞ്ഞതെല്ലാം യാഥാർഥ്യമായപ്പോഴാണ് അദ്ദേഹത്തിന്റെ ഉദേശശുദ്ധി എല്ലാവർക്കും മനസിലായത്. അപ്പോഴേക്കും അദ്ദേഹം യാത്രയായി. ഒരിക്കലും മടങ്ങി വരാനാവാത്ത യാത്ര.