സമ്പർക്കത്തിലൂടെ രോഗബാധ; എറണാകുളത്ത് ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിച്ചേക്കും

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 13 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേരുടെ ഉറവിടം വ്യക്തമല്ലെന്നത് ജില്ലാ ഭരണകൂടത്തിന് വെല്ലുവിളിയാണ്. കൊറോണ രോഗികളുടെ എണ്ണം കൂടിയാൽ എറണാകുളം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് ഐ ജി വിജയ് സാക്കറെ അറിയിച്ചു.

നാളെ പുലർച്ചെ മുതൽ ജില്ലയിൽ കർശന പരിശോധന ഏർ‍പ്പെടുത്തും. അമ്പത് എസ്ഐമാരുടെ നേതൃത്വത്തിലാണ് ജില്ലയിൽ വ്യാപകമായി പരിശോധന നടത്തുക. കൊച്ചി നഗരത്തിലടക്കം ഉറവിടമറിയാത്ത രോഗികളുണ്ട്. ജില്ലയിൽ ഇന്ന് ഏഴ് പേർ രോഗമുക്തി നേടി. പാലാരിവട്ടത്തുള്ള എൽഐസി ഏജന്റ്, തൃക്കാക്കരയിലെ ഒരു വീട്ടമ്മ, ആലുവയിലെ ഓട്ടോ ഡ്രൈവർ, പറവൂറിലെ സെമിനാരി വിദ്യാർത്ഥി, കടവന്ത്ര സ്വദേശിയായ നേവിയിലെ ഒരു ഉദ്യോഗസ്ഥൻ, കൊച്ചി കോര്‍പ്പറേഷൻ പരിധിയിലെ ഒരു ആക്രി കച്ചവടക്കാരൻ എന്നിവർക്കാണ് എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇവരിൽ നിന്നുള്ള പ്രാഥമിക സമ്പർക്ക പട്ടികയിൽ നിരവധി പേരുണ്ട്. അതേസമയം ജില്ലയില്‍ ഇന്ന് രണ്ട് ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. പിറവം വാർഡ് 17, പൈങ്ങോട്ടൂർ 5 എന്നിവയാണ് ഹോട്ട്സ്പോട്ടുകളാക്കിയത്. ഇന്ന് 1023 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.

നിരീക്ഷണ കാലയളവ് അവസാനിച്ച 963 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. 13033 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 11001 പേർ വീടുകളിലും, 806 പേർ കൊവിഡ് കെയർ സെന്ററുകളിലും 1226 പേർ പണം കൊടുത്ത് ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.