ന്യൂഡൽഹി: യുവാക്കളുടെ മർദനമേറ്റുവാങ്ങാൻ തന്റെ ശരീരത്തെ പാകപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കിൽ പ്രധാനമന്ത്രി യുവാക്കളുടെ മർദനമേറ്റുവാങ്ങേണ്ടി വരുമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പരിഹാസ രൂപേണ ലോക്സഭയിൽ മറുപടി പറയുകയായിരുന്നു മോദി.
‘കഴിഞ്ഞ ദിവസം ഒരു കോൺഗ്രസ് നേതാവ് അടുത്ത ആറുമാസത്തിനുള്ളിൽ മോദിയെ യുവാക്കൾ വടിയെടുത്ത് അടിക്കുമെന്ന് പറഞ്ഞത് ഞാൻ കേട്ടിരുന്നു. ആറുമാസം ഞാൻ കൂടുതൽ സൂര്യനമസ്കാരം ചെയ്യും എന്നിട്ട് അവരുടെ പ്രഹരങ്ങൾ ഏറ്റുവാങ്ങാൻ എന്റെ ശരീരത്തെ കരുത്തുള്ളതാക്കും. കഴിഞ്ഞ 20 വർഷമായി നിങ്ങളുടെ പ്രഹരങ്ങൾ ഞാൻ നേരിട്ടുകൊണ്ടിരിക്കുകയാണ്.’ മോദി പരിഹസിച്ചു.
കഴിഞ്ഞ ആഴ്ച ഡൽഹിയിൽ ഒരു റാലിയിലാണ് രാഹുൽ ഗാന്ധി മോദിക്കെതിരേ ആഞ്ഞടിച്ചത്. ‘ചെറുപ്പക്കാരുടെ മർദനം ഏറ്റുവാങ്ങാൻ മോദി തയ്യാറായിക്കൊള്ളൂ’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. ‘പ്രധാനമന്ത്രി ഇപ്പോൾ പ്രസംഗിച്ച് നടക്കുകയാണ്. ആറുമാസം കഴിഞ്ഞാൽ അദ്ദേഹത്തിന് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല. ഇന്ത്യയിലെ യുവാക്കൾ അദ്ദേഹത്തെ വടി ഉപയോഗിച്ച് പ്രഹരിക്കും. എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
നേരത്തേ മോദി സഭയിൽ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ ‘മഹാത്മാഗാന്ധി അമർ രഹേ’ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം എഴുന്നേറ്റു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമരം നാടകമായിരുന്നെന്ന അനന്തകുമാർ ഹെഗ്ഡെയുടെ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു മുദ്രാവാക്യം വിളി.
‘ഇത്രയേ ഉള്ളോ, വേറെ എന്തെങ്കിലുമുണ്ടോ’എന്ന് മോദി ചോദിച്ചപ്പോൾ ഇത് ട്രെയിലറാണെന്നായിരുന്നു കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ മറുപടി. ‘നിങ്ങൾക്ക് ചിലപ്പോൾ മഹാത്മാഗാന്ധി ഒരു ട്രെയിലർ ആയിരിക്കാം. ഞങ്ങളെ സംബന്ധിച്ച് മഹാത്മാഗാന്ധിയെന്ന് പറയുന്നത് ജീവിതമാണ്.’ മോദി പറഞ്ഞു.
ഇടയ്ക്ക് പ്രസംഗം തടസ്സപെടുത്തി സംസാരിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച് മോദി കളിയാക്കി.
‘ഞാൻ 30-40 മിനിറ്റ് സംസാരിച്ചെങ്കിലും ചിലർക്ക് ട്യൂബ് ലൈറ്റ് പോലെ കത്താൻ വൈകും.’ബിജെപി അംഗങ്ങൾ പൊട്ടിച്ചിരിക്കുകയായിരുന്നു.
യുവാക്കൾക്ക് തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട് മോദിക്ക് ഒന്നും പറയാനില്ലെന്നാണ് രാഹുൽ ഗാന്ധി മോദിയുടെ പ്രസംഗത്തോട് പ്രതികരിച്ചുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. സഭയിൽപലതും പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് പ്രധാനമന്ത്രിയെന്നും രാഹുൽ കുറ്റപ്പെടുത്തി.