വിജയയെ വിരട്ടിയത് മുപ്പതു മണിക്കൂർ

ചെന്നൈ: തമിഴകത്തെയും സിനിമാ മേഖലയെയും മുൾമുനയിൽ നിർത്തി നടൻ വിജയ്ടെ വസതിയിൽ നടന്ന ചോദ്യംചെയ്യൽ രാത്രിയോടെ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു. ബിഗിൽ എന്ന സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് നടനെ 30 മണിക്കൂറുകളോളം ചോദ്യംചെയ്തത്. വസതിയിൽ റെയ്ഡും നടത്തിയിരുന്നു. വിജയ് യുടെ ഭാര്യയെയും ചോദ്യംചെയ്തെന്നും റിപ്പോർട്ടുകളുണ്ട്.
വിജയിയുടെ വസതിയിൽ നിന്ന് അനധികൃത പണമൊന്നും പിടിച്ചെടുത്തിട്ടില്ലെന്നാണ് സൂചന. എന്നാൽ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് സംബന്ധിച്ച് രേഖകൾ പിടിച്ചെടുത്തെന്നാണ് അറിയുന്നത്.
വിജയ് യുടെ നിക്ഷേപങ്ങളും പ്രതിഫലത്തുകയും സംബന്ധിച്ചാണ് അന്വേഷണമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
ബിഗിൽ സിനിമാ നിർമാതാക്കൾക്ക് പണം പലിശയ്ക്ക് നൽകിയ നിർമാതാവായ അൻപു ചെഴിയന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് കമ്മീഷണർ സുരഭി അഹ്ലുവാലിയ അറിയിച്ചു.
ചെന്നൈ, മധുര എന്നിവിടങ്ങളിലെ അൻപു ചെഴിയനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നാണ് പണം പിടിച്ചെടുത്തത്. ഇതിനൊപ്പം വിവിധ വസ്തുവകകളുടെ രേഖകൾ, പ്രോമിസറി നോട്ടുകൾ, ചെക്കുകൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. 190 കോടി രൂപ മുടക്കി നിർമ്മിച്ച
ബിഗിൽ സിനിമ 300
കോടി രൂപയുടെ ബോക്സ് ഓഫീസ് കളക്ഷൻ നേടിയത് സംബന്ധിച്ചാണ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നത്.