ന്യഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി 15 അംഗ ട്രസ്റ്റിന് രൂപം നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയിൽ പ്രത്യേക പ്രസ്താവനയായി മോദി ഇക്കാര്യം അറിയിച്ചത്.
ക്ഷേത്രനിർമാണത്തിന് പദ്ധതി തയ്യാറാക്കിയെന്നും കോടതി നിർദ്ദേശപ്രകാരമാണ് നടപടിയെന്നും പ്രധാനമന്ത്രി സഭയെ അറിയിച്ചു. ട്രസ്റ്റിന്റെ പ്രവർത്തനം സ്വതന്ത്രമായിരിക്കുമെന്നും ‘ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര’ എന്നാകും ട്രസ്റ്റിന്റെ പേരെന്നും മോദി അറിയിച്ചു.
തർക്ക ഭൂമിയായി പരിഗണിച്ചിരുന്ന അയോധ്യയിലെ 67.77 ഏക്കർ ഭൂമി ക്ഷേത്രനിർമാണ ട്രസ്റ്റിന് കൈമാറുമെന്ന് സഭയിൽ വായിച്ച പ്രസ്താവനയിൽ പറയുന്നു. ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും ട്രസ്റ്റായിരിക്കും സ്വീകരിക്കുക.
സുന്നിവഖഫ് ബോർഡിന് സുപ്രീം കോടതി വിധിപ്രകാരമുള്ള അഞ്ച് ഏക്കർ ഭൂമി പള്ളി നിർമിക്കുന്നതിനായി കൈമാറും. ഇതിനുള്ള നിർദ്ദേശം യുപി സർക്കാരിന് നൽകുകയും സർക്കാർ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മോദി പറഞ്ഞു.
ഇന്നു രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ട്രസ്റ്റ് രൂപീകരണത്തിന് തീരുമാനിച്ചത്. ഈ തീരുമാനമാണ് പ്രധാനമന്ത്രി സഭയെ അറിയിച്ചത്. വളരെ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന ഉണ്ടായത്.
നന്ദിപ്രമേയ ചർച്ചകളിന്മേൽ മറുപടി നൽകാൻ പ്രധാനമന്ത്രി നാളെ സഭയിലെത്തുമെന്നായിരുന്നു കരുതിയിരുന്നത്. 2019 നവംബർ ഒമ്പതിന് പഞ്ചാബിലെ കർതാർപുർ ഇടനാഴി മോദി ഉദ്ഘാടനം ചെയ്യുന്ന സമയത്താണ് അയോധ്യാ കേസിൽ വിധി വന്നത്. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തീരുമാനമെന്ന് മോദി അറിയിച്ചു.
സഭയിലുള്ള എല്ലാ അംഗങ്ങളും ക്ഷേത്രനിർമാണത്തിന് സഹകരിക്കണമെന്നും മോദി അഭ്യർഥിച്ചു. നമ്മളെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇത് ഇന്ത്യയുടെ പാരമ്പര്യവുമായി ബന്ധപ്പെട്ട വിഷയമാണ്. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന തത്വത്തിലാണ് തന്റെ സർക്കാർ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി ഒമ്പതിന് മുമ്പ് ട്രസ്റ്റ് രൂപീകരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. അതുപ്രകാരമാണ് തീരുമാനം എടുത്തതെന്നും പ്രധാനമന്ത്രി പറയുന്നു.