അത്യാവശ്യമല്ലാത്ത യാത്ര അനുവദിക്കില്ല; സെക്രട്ടറിയേറ്റില്‍ നിയന്ത്രണങ്ങള്‍; തിരുവനന്തപുരത്ത് കൂടുതൽ മുൻകരുതൽ

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാവശ്യമല്ലാത്ത ഒരു യാത്രയും അനുവദിക്കില്ല. സെക്രട്ടറിയേറ്റില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഔദ്യോഗിക യോഗങ്ങള്‍ പരിമിതപ്പെടുത്തും. ഇ ഫയല്‍ ഉപയോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സന്ദര്‍ശനങ്ങള്‍ നിന്ത്രിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് ഇന്ന് മാത്രം 17പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ രോഗമുക്തരായി. സെക്രട്ടറിയേറ്റിന് പുറത്ത് സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേരാണ് തലസ്ഥാന ജില്ലയില്‍ എത്തുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉറവിടം അറിയാത്താതായി 14 കേസുകളാണുള്ളത്. തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിറക്കി. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 17 വഴുതൂര്‍, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് തളയല്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡ് 66 പൂന്തുറ, വാര്‍ഡ് 82 വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലെയിന്‍, പാളയം മാര്‍ക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്‌സ്, റസിഡന്‍ഷ്യല്‍ ഏരിയ പാരിസ് ലൈന്‍ 27 കൂടാതെ പാളയം വാര്‍ഡ്. എന്നിവടങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 17 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരുടെ വിവരങ്ങൾ ഇങ്ങനെ

കന്യാകുമാരി, തിരുവെട്ടാർ സ്വദേശി 49 കാരൻ. ജൂൺ 29ന് സൗദി അറേബ്യയിൽ നിന്നെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

തമിഴ്‌നാട് സ്വദേശി 27കാരൻ. ജൂൺ 29ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

നെടുമങ്ങാട് സ്വദേശി 31 കാരൻ. ജൂൺ 29ന് സൗദി അറേബ്യയിൽ നിന്നും കരിപ്പൂരെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നു.

സൗദി അറേബ്യയിലെ ദമാമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന വർക്കല ശ്രീനിവാസപുരം സ്വദേശി 36 കാരൻ. ജൂൺ 30ന് ദമാമിൽ നിന്ന് കരിപ്പൂരെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ.

ജൂൺ 16ന് ജമ്മു കശ്മീരിൽ നിന്ന് നാട്ടിലെത്തിയ വെള്ളനാട് സ്വദേശിയായ 31 വയസുള്ള സി.ആർ.പി.എഫ് ജവാൻ. ജൂൺ 29ന് കൊറോണ പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജൂൺ 30ന് ചെന്നൈയിൽ നിന്ന് റോഡുമാർഗം നാട്ടിലെത്തിയ തിരുമല സ്വദേശിയായ 27കാരൻ. ജൂൺ 30ന് കൊറോണ പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

തോണിപ്പാറ, ഹരിഹരപുരം, അയിരൂർ സ്വദേശിയായ 53 കാരൻ. ദമാമിൽ നിന്നെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ദുബായിൽ നിന്നെത്തിയ നേമം സ്വദേശി 36 കാരൻ. ജൂൺ 30ന് കൊറോണ പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജൂൺ 24ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ നെയ്യാറ്റിൻകര, ആർ.സി. സ്ട്രീറ്റ് സ്വദേശി 47കാരൻ. ഇദ്ദേഹത്തിന്റെ ഒരുവയസുള്ള മകനും ഏഴു വയസുള്ള മകൾക്കും ഇയാൾക്കൊപ്പം കൊറോണ സ്ഥിരീകരിച്ചു. മൂന്നുപേരും വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്നു. ജൂലൈ ഒന്നിന് കൊറോണ പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ദുബായിൽ നിന്നെത്തിയ കാട്ടാക്കട കുളത്തുമ്മൽ സ്വദേശി 52 കാരൻ. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്നുള്ള കൊറോണ പരിശോധനയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജൂൺ 29ന് യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ തമിഴ്‌നാട് കുറ്റാലം സ്വദേശി 30 കാരൻ. രോഗലക്ഷണങ്ങളെ തുടർന്ന് ജൂൺ 29ന് ആന്റിബോഡി പരിശാധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

സൗദി അറേബ്യയിൽ നിന്നെത്തിയ ചെമ്മരുതി, ശ്രീനിവാസപുരം സ്വദേശിയായ 45 കാരൻ. രോഗലക്ഷണങ്ങളെ തുടർന്ന് കൊറോണ പരിശാധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

നഗരൂർ, ചെമ്മരുത്തുമല സ്വദേശിയായ 46 വയസുള്ള എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ. എ ആർ ക്യാമ്പിലും സെക്രട്ടേറിയറ്റ് പരിസരത്തും ജൂൺ 23ന് ആനയറയിലുമായി ജോലി ചെയ്തു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ജൂൺ 27 മുതൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്നു. ജൂൺ 30ന് കൊറോണ പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

പാറശ്ശാല, കോഴിവിള (തമിഴ്‌നാട് അതിർത്തി) സ്വദേശിനിയായ 25കാരി. യാത്രാപശ്ചാത്തലമില്ല.

മണക്കാട്, പരുത്തിക്കുഴി സ്വദേശിയായ 38കാരൻ. പൂന്തുറയിൽ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ അനന്തരവൻ. സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായി. രോഗലക്ഷണങ്ങളെ തുടർന്ന് ജൂൺ 30ന് കൊറോണ പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.