ന്യൂഡൽഹി: ശബരിമലയിലെ തിരുവാഭരണം കൈവശം വയ്ക്കാൻ പന്തളം രാജകുടുംബത്തിന് എന്ത് അവകാശമെന്ന് സുപ്രീംകോടതി. ജസ്റ്റീസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് ചോദ്യമുന്നയിച്ചത്.
ദൈവത്തിന് സമർപ്പിച്ചു കഴിഞ്ഞ തിരുവാഭരണത്തിൽ രാജകുടുംബത്തിന് എന്ത് അവകാശമെന്നുമാണ് കോടതി ചോദിച്ചത്. ശബരിമല ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളിൽ അഭിപ്രായം മാനിക്കുന്നില്ലെന്ന് രാജകുടുംബം കോടതിയിൽ പരാതി ഉന്നയിച്ചിരുന്നു.
തിരുവാഭരണത്തിന് രാജകുടുംബത്തിലെ രണ്ടു വിഭാഗങ്ങൾ അവകാശവാദം ഉന്നയിച്ചു. ഇതാണ് രൂക്ഷ വിമർശനത്തിന് കോടതിയെ പ്രേരിപ്പിച്ചത്.
ശബരിമല ക്ഷേത്രത്തിനായി പ്രത്യേക നിയമം നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ കൂടുതൽ സമയം തേടി. നാലാഴ്ച അധിക സമയമാണ് സർക്കാർ ആവശ്യപ്പെട്ടത്.
നേരത്തെ തിരുവതാംകൂർ ദേവസ്വത്തിന് കീഴിൽ വരുന്ന എല്ലാ ക്ഷേത്രങ്ങളുടെയും ഭരണചുമതലകൾക്കായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് പന്തളം രാജകൊട്ടാരം ഹർജി സമർപ്പിച്ചപ്പോഴാണ് ശബരിമലയ്ക്കായി പ്രത്യേക നിയമം നിർമിക്കാൻ സുപ്രീംകോടതി സർക്കാരിനോട് നിർദ്ദേശിച്ചത്.