ന്യൂഡെൽഹി: എഎക്സ്എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു. എഎക്സ്എൻ, എഎക്സ്എൻഎച്ച്ഡി ചാനലുകൾ സംപ്രേഷണം നിർത്തുന്നതായി സോണി പിക്ചേഴ്സ് നെറ്റ്വർക്ക് അറിയിച്ചു. ഇതോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അഞ്ച് രാജ്യങ്ങളിൽ ചാനൽ സംപ്രേഷണം നിർത്തും. ഇന്ത്യ, പാകിസ്താന്, ഭൂട്ടാന്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സംപ്രേഷണമാണ് നിർത്തുക. ‘ഇന്ന് മുതൽ ചാനൽ സംപ്രേഷണം നിർത്തുകയാണ്. ഇതൊരു ഇതിഹാസ യാത്രയായിരുന്നു. യാഥാർത്ഥ്യവും വിനോദവും ഡ്രാമയും എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ. നിങ്ങളോട് നന്ദി പറയുന്നു”- ട്വിറ്റർ ഹാൻഡിലിലൂടെ എഎക്സ്എന്‍ അധികൃതര്‍ അറിയിച്ചു.
കൊറോണ പ്രതിസന്ധിയെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടാണ് ചാനൽ അടച്ചുൻപൂട്ടലിലേക്ക് വഴിവെച്ചത്. ഓൺലൈൻ സ്ട്രീമിംഗ് സംസ്കാരം ജനകീയമായതും ചാനലിന് തിരിച്ചടിയായി. നിരവധി മികച്ച ടിവി പരിപാടികളും സീരീസുകളും റിയാലിറ്റി ഷോകളും ഇന്ത്യക്കാർക്ക് സുപരിചിതമാകിയ ചാനലാണ് എഎക്സ്എൻ. ഫിയര്‍ ഫാക്ടര്‍, ബ്രേക്കിംഗ് ദി മജിഷ്യന്‍സ് കോഡ്, ഗോസ്റ്റ് ഹണ്ടേഴ്സ്, മിനിട്ട് ടു വിന് ഇറ്റ്, ബിലീവ് ഇറ്റ് ഓര് നോട്ട്, സ്ട്രീറ്റ് മാജിക്, ടോപ് ഗിയര്‍, ദി അമേസിങ് റെയിസ്, ഷെർലക്ക് എന്നിവയൊക്കെ ഏറെ ജനകീയമായ പരിപാടികളായിരുന്നു.