നിര്‍ഭയ: വിധിക്കെതിരെ കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും സുപ്രീംകോടതിയില്‍

ന്യൂഡൽഹി: നിർഭയ കേസിൽ നാലു പ്രതികളുടെയും വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്ര ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ കേന്ദ്രവും ഡൽഹി സർക്കാരും സുപ്രീം കോടതിയിലേക്ക്. നാല് പ്രതികളുടെയും വധശിക്ഷ ഒന്നിച്ച് നടപ്പാക്കണമെന്നും പ്രത്യേകം പ്രത്യേകം നടപ്പാക്കേണ്ടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മണിക്കൂറുകൾക്കകം ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രവും ഡൽഹി സർക്കാരും സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ സ്റ്റേ ചെയ്തുകൊണ്ട് ജനുവരി 31നാണ് വിചാരണക്കേടതി ഉത്തരവിട്ടത്. മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26) അക്ഷയ് കുമാർ എന്നിവരാണ് നിർഭയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട നാല് പ്രതികൾ.
ഹൈക്കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ സമയം പാഴാക്കാതെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചുവെന്ന് അഭിഭാഷകർ പറഞ്ഞു. പ്രതികളെ പ്രത്യേകം പ്രത്യേകം തൂക്കിലേറ്റണമെന്ന ആവശ്യം കേന്ദ്രവും ഡൽഹി സർക്കാരും ഉന്നയിച്ചിട്ടുണ്ട്. ദയാഹർജി നൽകുന്നതിന് അ അവസരങ്ങളൊന്നും പ്രതി മുകേഷിന് ഇനി ഇല്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.