കൊറോണക്കാലത്ത് ഷൂട്ടിങ് പാടില്ല; നിര്‍മ്മാതാക്കളുടെ നിലപാട് തള്ളി മോഹന്‍ലാല്‍ സിനിമയും ചിത്രീകരണത്തിന്

കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തില്‍ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് പാടില്ലെന്ന നിര്‍മ്മാതാക്കളുടെ നിലപാട് തള്ളി മോഹന്‍ലാല്‍ സിനിമയും ചിത്രീകരണത്തിലേക്ക് കടക്കുന്നു. ജീതു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്റെ ചിത്രീകരണം ഓഗസ്റ്റ് 17ന് തൊടുപുഴയില്‍ ആരംഭിക്കും.

നിര്‍മ്മാതാക്കളുടെ നിലപാടില്‍ താര സംഘടനയായ അമ്മയ്ക്കും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടയായ ഫെഫ്കയ്ക്കും വിയോജിപ്പുണ്ട്. പ്രതിഫലം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താരസംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ഞായറാഴ്ച ചേരും. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ലോക്ഡൗണില്‍ മുടങ്ങിയ 22 സിനിമകളുടെ ചിത്രീകരണത്തിന് ആദ്യ പരിഗണന, ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കുക, പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് പിന്നീടു മതി തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നോട്ടു വച്ചത്. അതേസമയം, നാലോളം ചിത്രങ്ങളുടെ ഷൂട്ടിങ് പ്രഖ്യാപിച്ചു കഴിഞ്ഞു.

കേരള ഫിലിം ചേംബറും തിയേറ്റര്‍ ഉടമസംഘടനകളായ ‘ഫിയോകും’ കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും നിര്‍മാതാക്കളുടെ അസോസിയേഷന്‍ നിലപാടിനൊപ്പമാണ്.