അതിർത്തിയിൽ സുസജ്ജമായി ഇന്ത്യ; ആറ് ടി – 90 ടാങ്കുകള്‍ വിന്യസിപ്പിച്ചു

ന്യൂഡെല്‍ഹി: സമാധാനം പുനസ്ഥാപിക്കുകയാണ് ലക്ഷ്യം എന്നിരിക്കിലും ചൈനീസ് അതിര്‍ത്തിയിലെ പ്രകോപനം തുടരുമ്പോള്‍ ശക്തമായി പ്രതിരോധിക്കാനൊരുങ്ങി ഇന്ത്യ. ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈന്യം ആറ് ടി – 90 ടാങ്കുകള്‍ വിന്യസിപ്പിച്ചു. ഇതു കൂടാതെ ടാങ്ക് വേധ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഇന്ത്യന്‍ സൈന്യം പ്രതിരോധത്തിനായി സജ്ജമാക്കി കഴിഞ്ഞു. ചൈനീസ് പട്ടാളം ആയുധങ്ങളോടെ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ കരസേന ടി-90 ഭീഷ്മ ടാങ്കുകള്‍ വിന്യസിപ്പിച്ചത്.

കിഴക്കന്‍ ലഡാക്കിലെ 1597 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയിലും യുദ്ധ വാഹനങ്ങളും പീരങ്കികളും സജ്ജമാക്കിയിട്ടുണ്ട്. പര്‍വത പാതയായ സ്പാന്‍ഗുര്‍ ചുരത്തിലൂടെ ചൈനയുടെ ആക്രമണത്തെ തടയുന്നതിനായി ചുഷുള്‍ സെക്ടറില്‍ രണ്ട് ടാങ്ക് സൈനിക വ്യൂഹത്തെയും ഇന്ത്യ വിന്യസിപ്പിച്ചിട്ടുണ്ട്.

അതേസമയം ഇരു രാജ്യങ്ങളിലേയും ഉന്നത തല മിലിട്ടറി കമാന്റര്‍മാര്‍ ലാഡാക്കിലെ ഷൂളില്‍ ചര്‍ച്ച ആരംഭിച്ചു. നിയന്ത്രണ രേഖയില്‍ ചൈനീസ് ആക്രമണത്തെചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനായാണ് യോഗം വിളിച്ചു ചേര്‍ത്തത്. കൂടിക്കാഴ്ച്ചയില്‍ സംഘര്‍ഷങ്ങളില്‍ നിന്നും ചൈനീസ് സൈന്യത്തെ പിന്‍വലക്കണമെന്നും ഫിംഗര്‍ ഏരിയ, ഗോഗ്ര പോസ്റ്റ്- ഹോട്ട് ഐസ്പ്രംഗ്‌സ്, ഗാല്‍വാന്‍ താഴ്‌വര, എന്നീ മേഖലകളിലെ സ്ഥിതി പുനസ്ഥാപിക്കണമെന്നും ഇന്ത്യന്‍ പക്ഷം ആവശ്യപ്പെടും.