കേന്ദ്ര നിലപാടും വ്യാപക പ്രതിഷേധവും ; പ്രവാസികൾക്ക് പിപിഇ കിറ്റ് ധരിച്ചു വരാൻ സർക്കാർ അനുമതി

തിരുവനന്തപുരം: കൊറോണ പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍നിന്നു നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്കു പേഴ്‌സനല്‍ പ്രൊട്ടക്ഷന്‍ ഇക്വിപ്‌മെന്റ് (പിപിഇ) ധരിച്ചു വരുന്നതിനു സർക്കാർ അനുമതി നല്‍കി. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊറോണ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതു പ്രായോഗികമല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.ഇതിനെതിരേ പ്രവാസികളുടെയും പ്രതിപക്ഷത്തിൻ്റെയും പ്രതിരോധം ശക്തമായിരുന്നു.

പിപിഇ കിറ്റുകള്‍ നല്‍കുന്നതിന് വിമാനക്കമ്പനികള്‍ സൗകര്യമൊരുക്കണമെന്നു സര്‍ക്കാര്‍ വിമാനക്കമ്പനികളോടു ആവശ്യപ്പെടും. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് പിപിഇ കിറ്റ് നല്‍കേണ്ടത് എന്നതിനെ കുറിച്ചും ഇതിന്റെ ചിലവ് ആരു വഹിക്കും എന്നതിനെക്കുറിച്ചും സെക്രട്ടറിയേറ്റ് തല സമിതി ചേരുന്ന യോഗത്തിനു ശേഷം തീരുമാനമാകും. പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍നിന്നു മടങ്ങുന്നവര്‍ക്കു മാത്രമാണ് ഇളവ് അനുവദിക്കുക.

പിപിഇ കിറ്റു ധരിച്ചെത്തിയാല്‍ രോഗ വ്യാപനം തടയാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ കൊറോണ പരിശോധന നടത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കൊറോണ പരിശോധന സാധ്യമായ രാജ്യങ്ങളില്‍ നിന്നും പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇനിയും നിര്‍ബന്ധമാക്കും. എന്നു മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കും എന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ ഉടനെ അറിയിക്കും. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനാണ് തീരുമാനം. ഗള്‍ഫ് രാജ്യങ്ങളിലെ പരിശോധനാ സൗകര്യങ്ങള്‍ സംബന്ധിച്ച് എംബസികള്‍ വിദേശകാര്യ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.

വലിയ പണച്ചെലവില്ലാത്ത ട്രൂനാറ്റ് ടെസ്റ്റ് നടത്തി, കൊറോണ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി വേണം പ്രവാസികള്‍ വരാന്‍ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നേരത്തെയുള്ള തീരുമാനം. കൊറോണ ഉള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തില്‍ വരുന്നത് രോഗവ്യാപനത്തിന് ഇടയാക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതു പ്രായോഗികമല്ലെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ട്രൂനാറ്റ് ടെസ്റ്റ് പല വിദേശരാജ്യങ്ങളിലും അംഗീകരിച്ചില്ലെന്നും ഇതിനുള്ള സംവിധാനം ഒരുക്കല്‍ പ്രായോഗമല്ലെന്നുമായിരുന്നു കേന്ദ്രം അറിയിച്ചത്.

റാപ്പിഡ് ടെസ്റ്റ് പ്രായോഗികമല്ലെന്ന് കേന്ദ്രം അറിയിച്ച പശ്ചാത്തലത്തില്‍ എന്തു നടപടി സ്വീകരിക്കാനാവുമെന്ന് പരിശോധിച്ചു വരികയാണെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് പിപിഇ കിറ്റ് ധരിച്ച് യാത്ര ചെയ്യാന്‍ പ്രവാസികളെ അനുവദിക്കാമെന്നു തീരുമാനമായത്.