ന്യൂഡെല്‍ഹി: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഡെല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി പ്ലാസ്മ തെറപ്പി ചികിത്സ ലഭ്യമാക്കും. മന്ത്രിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണു പ്ലാസ്മ തെറപ്പി ചെയ്യാന്‍ തീരുമാനിച്ചത്. സത്യേന്ദര്‍ ജെയിന് ശ്വാസതടസവും കടുത്ത പനിയുമുണ്ടെന്നും ന്യുമോണിയ ബാധിച്ചുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡെല്‍ഹിയിലെ രാജീവ്ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സത്യേന്ദ്ര ജെയിനെ പ്രവേശിപ്പിച്ചത്. ഇവിടെനിന്നും വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി സകേത് മാക്സ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റും. ഇവിടെ അദ്ദേഹത്തെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കുകയും ചെയ്യും- ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസതടസം നേരിടുന്ന മന്ത്രിക്ക് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്. ശ്വാസകോശത്തിലെ അണുബാധ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ശ്വാസതടസം നേരിട്ടത്. ഇതോടെ മന്ത്രിക്ക് ഓക്സിജന്‍ നല്‍കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സത്യേന്ദര്‍ ജെയിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നെങ്കിലും ബുധനാഴ്ച വീണ്ടും പരിശോധന നടത്തിയപ്പോഴാണു രോഗം സ്ഥിരീകരിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഹര്ഷ്വര്ധന്, ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജല്‍, മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് തുടങ്ങിയവര്‍ ഉള്‍പ്പെട്ട യോഗത്തില്‍ ഞായറാഴ്ച ജെയിന് പങ്കെടുത്തിരുന്നു.