വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായി ചൈനയുടെ വാവെയ് മാറിയെന്ന് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും സ്മാര്‍ട്ട്ഫോണ്‍ വിപണി തകര്‍ന്നതും ചൈന പ്രധാന വിപണിയായുള്ള വാവെയ്ക്ക് ഗുണമായി.
അമേരിക്കയുടെ നിരോധനവും തുടര്‍ന്ന് വന്ന ഗൂഗിള്‍ സേവനങ്ങളുടെ ഒഴിവാക്കലും ശേഷമാണ് വാവെയ് ലോകത്തെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായിരിക്കുന്നത്. ഏപ്രിലില്‍ ആകെ സ്മാര്‍ട്ട്ഫോണ്‍ വില്പനയുടെ 19 ശതമാനം വാവെയ് സ്വന്തമാക്കിയെന്നാണ് കൗണ്ടര്‍ പോയിന്റ് കണക്കാക്കുന്നത്. ഇക്കാലത്ത് സാംസങിന്റെ വിപണിവിഹിതം 17 ശതമാനമായി കുറഞ്ഞു. ഇതിന് വാവെയെ സഹായിച്ചത് കൊറോണ വൈറസ് വ്യാപനമാണെന്ന് കൗണ്ടര്‍ പോയിന്റ് പ്രതിനിധി പീറ്റര്‍ റിച്ചാഡ്സണ് പറയുന്നത്.
അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയിലും ചൈനീസ് കമ്പനികള്‍ക്കെതിരായ പ്രചാരണങ്ങള്‍ ശക്തമാണ്. ഇക്കാരണങ്ങള്‍കൊണ്ടു തന്നെ വാവെയുടെ മുന്നേറ്റം താത്കാലികം മാത്രമാണെന്നാണ് കൗണ്ടര്‍ പോയിന്റ് വിലയിരുത്തുന്നത്. അമേരിക്കന്‍ നിരോധത്തെ തുടര്‍ന്ന് ഗൂഗിള്‍ സേവനങ്ങളായ ആപ്ലിക്കേഷനുകള്‍(ജിമെയില്‍, ഗൂഗിള്‍ മാപ്, പ്ലേ സ്റ്റോര്‍, ഗൂഗിള്‍, ഗൂഗിള്‍ ഫോട്ടോസ്, യുട്യൂബ് തുടങ്ങിയവ) റദ്ദാക്കിയത് വാവെയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. ഇതിന് പകരം വാവെയ് മൊബൈല്‍ സര്‍വീസുകള്‍ ആരംഭിച്ച് ബദല്‍ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയാണ് അവര്‍ പിടിച്ചു നില്ക്കാന് ശ്രമിക്കുന്നത്.