പത്തനംതിട്ട: തിരുവല്ല കവിയൂരില്‍ അച്ഛനെ വടി കൊണ്ട് തല്ലി ക്രൂരമായി മര്‍ദ്ദിച്ച മകനെതിരെ പൊലീസ് കേസെടുത്തു. കവിയൂര്‍ സ്വദേശി എബ്രഹാം തോമസിനാണ് മര്‍ദ്ദനമേറ്റത്. മകന് അനില്‍ ഒളിവിലാണ്. മര്‍ദ്ദനത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മകനെതിരെ കേസെടുത്തത്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു മര്‍ദ്ദനം. വലിയ വടി ഉപയോഗിച്ചായിരുന്നു ക്രൂരമര്‍ദ്ദനം. അടിക്കരുതെന്ന് പിതാവ് കേണപേക്ഷിക്കുമ്പോഴും അനില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം.
ഇന്ന് ഉച്ചയോടെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. ഇതേതുടര്‍ന്ന് പൊലീസ് എബ്രഹാമിന്റെ വീട്ടിലെത്തി മൊഴിയെടുത്തു. വീട്ടിലെത്തിയപ്പോള്‍ അനിലിനെ പിടികൂടാനായില്ല. ഇന്ന് തന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
അയല്‍വാസിയാണ് മകന് പിതാവിനെ തല്ലുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കേരള പൊലീസിന്റെ സൈബര്‍ സെല്ലും ഇടപെട്ടിരുന്നു. എബ്രഹാം മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അനില്‍ സ്ഥിരം മദ്യപാനിയായതിനെ തുടര്‍ന്ന് ഭാര്യ മാറി താമസിക്കുകയാണ്.
ക്രൂരമായ മര്‍ദ്ദനിത്തിന് ശേഷം എബ്രഹാം ഇന്നലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ കേസുകൊടുക്കാന്‍ പറഞ്ഞപ്പോള്‍ മകനല്ലേ ക്ഷമിക്കാമെന്നായിരുന്നു പിതാവിന്റെ മറുപടി.