തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻെറയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് പി.എ. മുഹമ്മദ് റിയാസിൻ്റെയും വിവാഹത്തിന് അപൂർവ്വതകളേറെ. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ നടന്ന വിവാഹച്ചടങ്ങെന്ന അപൂർവതയും ഈ വിവാഹത്തിനുണ്ട്. വിവാഹമോചിതരായ ഇരുവരുടെയും പുനർവിവാഹമാണിത്.
ബംഗളൂർ ആസ്ഥാനമായ ഐടി കമ്പനിയായ എക്സാലോജിക് സോല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റ ഡയറക്ടർ ആണ് വീണ. പിണറായി വിജയന്റെയും കമല വിജയന്റെയും ഇളയമകളാണ് വീണ.മുൻപ് വിവാഹം കഴിച്ചിരുന്ന ശ്രീകാര്യം സ്വദേശി സുനീഷുമായുള്ള വിവാഹബന്ധം വീണ വേർപ്പെടുത്തിയിരുന്നു. മുഹമ്മദ് റിയാസിന്റെയും രണ്ടാം വിവാഹം ആണിത്. പട്ടാമ്പി സ്വദേശിയായ ഡോക്ടർ സമീഹ സെയ്തലവിയെയാണ് മുഹമ്മദ് റിയാസ് വിവാഹം കഴിച്ചിരുന്നത്. ഈ വിവാഹബന്ധം റിയാസും വേർപ്പെടുത്തിയിരുന്നു. രണ്ടു വർഷമായി വീണയും റിയാസും തമ്മിൽ അടുപ്പമായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. ഇവർ തമ്മിൽ ഗൗരവമായ അടുപ്പം രൂപപ്പെട്ടതിനെ തുടർന്നാണ് വിവാഹബന്ധത്തിനുള്ള ആലോചനകൾ മുഴുകിയത്. സമയമാകുമ്പോൾ എല്ലാവരെയും അറിയിക്കും എന്നാണ് മുഹമ്മദ് റിയാസ് മറുനാടനോട് പ്രതികരിച്ചത്.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന നേതാവാണ് മുഹമ്മദ് റിയാസ്. 2009 ൽ കോഴിക്കോട് ലോക്സഭാ സീറ്റിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്നു. ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ 2002 ലായിരുന്നു മുഹമ്മദ് റിയാസിന്റെ ആദ്യ വിവാഹം. ഡോക്ടർ ആയിരുന്ന സമീഹയായിരുന്നു ഭാര്യ. രണ്ട് മക്കളുണ്ട്. പിന്നീട് 2016 ൽവിവാഹമോചനം നേടുകയായിരുന്നു.
ചാനൽ ചർച്ചകളിലെ സജീവ മുഖമായ മുഹമ്മദ് റിയാസ് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന പി.എം.അബ്ദുൾ ഖാദറിന്റെ മകനാണ്. അഭിഭാഷകനാണ്. കോഴിക്കോട് സ്വദേശിയായ റിയാസ് സെന്റ് ജോസഫ് ബോയ്സ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ എസ് എഫ് ഐയിലെ സജീവ അംഗമായിരുന്നു. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ എസ്എഫ് ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു. കോഴിക്കോട് ഫാറൂഖ് കോളേജിൽ എസ്എഫ് ഐയുടെ സംഘടനാ രംഗത്ത് റിയാസ് എന്ന പേര് ഉയരുന്ന അതേ കാലത്ത് നഗരത്തിലെ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായിരുന്നു അബ്ദുൾ ഖാദർ. എസ്എഫ് ഐ- പൊലീസ് സംഘട്ടനങ്ങളിൽ നിന്ന് മാറിനിൽക്കാൻ റിയാസിന് പക്ഷേ അതൊരു തടസ്സമായിരുന്നില്ല. വിപ്ലവ വീര്യം തലയ്ക്കുപിടിച്ച ആ നേതാവ് പലതവണ പൊലീസ് ലാത്തിയുടെ ചൂടറിഞ്ഞിട്ടുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിയ വ്യക്തിയാണ് റിയാസ്. പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് മഹാരാഷ്ട്രയിലും ഡൽഹിയിലും വെച്ച് റിയാസ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ പി എ മുഹമ്മദ് റിയാസ് 2009ൽ കോഴിക്കോട് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. എംകെ രാഘവനാണ് മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തിയത്. 2017ലാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റാകുന്നത്. ഡിവൈഎഫ്ഐ കോട്ടൂളി യൂനിറ്റ് സെക്രട്ടറിയായാണു യുവജനപ്രസ്ഥാനത്തിലെത്തുന്നത്. 2016ൽ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി.വീണ സോഫ്റ്റ് വെയർ എൻജിനീയറാണ്. നിലവിൽ ബെംഗളൂരു ആസ്ഥാനമായി ഒരു സ്റ്റാർട്ടപ്പ് കമ്പനി നടത്തുന്ന വീണ എട്ടു വർഷത്തോളം ഒറാക്കിളിലാണ് ജോലി ചെയ്തിരുന്നത്. അതിനുമുൻപ് പ്രമുഖ വ്യവസായി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആർപി ടെക്സോഫ്റ്റിന്റെ സിഇഒയായും പ്രവർത്തിച്ചിരുന്നു.