കൊച്ചി: ദേവാലയങ്ങളിൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ദേവാലയങ്ങൾ തുറക്കേണ്ടതില്ല എന്നതാണ് കത്തോലിക്കാ സഭയുടെ നിലപാടെന്ന് കെസിബിസി പുറത്തിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ആരാധനാലയങ്ങൾ തുറക്കാനുള്ള അനുമതി നടപ്പാകുമ്പോൾ എല്ലാ നിബന്ധനകളും കർശനമായി പാലിച്ചുകൊണ്ടു മാത്രമേ ദേവാലയങ്ങൾ തുറന്ന് ആരാധനകൾ നടത്താവൂ എന്ന നിർബന്ധം സഭകൾക്കുണ്ട്. എന്നാൽ ഈ സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ സാധിക്കാത്ത സാഹചര്യത്തിൽ ദേവാലയങ്ങൾ തുറക്കേണ്ടതില്ല എന്നതാണ് സഭയുടെ നിലപാടെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ദേവാലയങ്ങൾ തുറന്ന് ആരാധനകൾ നടന്നു വരുമ്പോൾ വൈറസ് വ്യാപനത്തിന്റെ സാധ്യത ഉണ്ടെങ്കിൽ ദേവാലയ കർമ്മങ്ങൾ വീണ്ടും നിർത്തിവെയ്ക്കേണ്ടി വരും . അതിനാൽ തന്നെ വിവേകത്തോടെയാണ് ഈ നിലപാട് എടുത്തിരിക്കുന്നതെന്നും കത്തോലിക്കാ സഭകളിലെ എല്ലാ രൂപതകളിലും ഈ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കെസിബിസി വ്യക്തമാക്കുന്നു.
ലോക്ക്ഡൗൺ ഇളവുകളിൽ ആരാധനാലയങ്ങൾ നിബന്ധനകളോടെ തുറക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ദിനംപ്രതി കൊറോണ വൈറസ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ മതമേലധികാരികൾ ആരാധനാലയങ്ങൾ തുറക്കുന്നില്ലെന്ന നിലപാടിൽ എത്തിയിരുന്നു.