തിരുവനന്തപുരം: തലസ്ഥാനത്ത് കൊറോണ ബാധിച്ചു മരിച്ച വൈദികൻ ഫാ. കെജി വർഗ്ഗീസിൻ്റെ സംസ്കാരം നാട്ടുകാർ തടഞ്ഞു. മൃതദേഹം മറവു ചെയ്യാനായി മലമുകളിൽ പള്ളിയിൽ പത്തടി ആഴത്തിൽ കുഴിയെടുത്തെങ്കിലും ഒരു വിഭാഗം നാട്ടുകാർ സംസ്കാരം തടയുകയായിരുന്നു.
വൈദികൻ്റെ മൃതദേഹം മറ്റൊരിടത്ത് സംസ്കരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. മലമുകളിലെ പള്ളിയിൽ മൃതദേഹം സംസ്കാരിക്കുന്നത് വിലക്കി ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്ന് പറഞ്ഞാണ് നാട്ടുകാർ സംസ്കാരം തടയുന്നത്. എന്നാൽ ഈ ഉത്തരവ് ഇതുവരെ ഹാജരാക്കാൻ പ്രതിഷേധക്കാർക്ക് സാധിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
പ്രശ്നം പരിഹരിക്കാൻ മേയറും ജില്ലാ കളക്ടറും ഇടപെടുന്നുണ്ട്. കുഴിയെടുക്കുന്നതിന് നേതൃത്വം നൽകാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനവും നാട്ടുകാർ തടഞ്ഞു. നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നാട്ടുകാരുമായി ചർച്ച നടത്തി. സ്ഥലത്ത് എത്തിയ പൊലീസും നാട്ടുകാരും തമ്മിൽ ചർച്ച നടക്കുകയാണ്. നാലാഞ്ചിറയിലുള്ള വൈദികൻ്റെ ഇടവകയിൽ തന്നെ സംസ്കാരിക്കാനായിരുന്നു ആദ്യം ആലോചിച്ചതെങ്കിലും ഇവിടെ ആഴത്തിൽ കുഴിയെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് പുതിയ സ്ഥലം കണ്ടെത്തിയത്.