ഭീം ആപ് ; ആപ്പായി; ചോർന്നത് എഴുപത് ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങൾ

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓൺലൈൻ ഏകീകൃത പണമിടപാട് സംവിധാനമായ ഭീം യുപിഐ ആപ് വഴി ഏഴുപത് ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോ൪ട്ട്. ഇസ്രയേൽ സൈബ൪ സുരക്ഷ കമ്പനിയായ വിപിഎൻ മെൻഡറാണ് ആപിൽ നിന്ന് 70 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർന്നെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ചില്ലറവ്യാപാര മേഖലയിലെ പണമിടപാടിന് റിസ൪വ് ബാങ്ക് സ്ഥാപിച്ച നാഷണൽ പെയ്മെന്റ് കോ൪പ്പറേഷൻ ഓഫ് ഇന്ത്യയാണ് ഭീം യുപിഐ ആപ് വികസിപ്പിച്ചത്.

ഉപയോക്താക്കളുടെ പേരും ആധാ൪ നമ്പറും ബയോമെട്രിക് വിശദാംശങ്ങളുമടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നത്. ശരിയായ സുരക്ഷ പ്രോടോക്കോളുകൾ പാലിക്കാതെയാണ് ഈ വിവരങ്ങൾ ശേഖരിച്ചുവെച്ചിരിക്കുന്നതെന്നാണ് ആരോപണം. 2019 ഫെബ്രുവരി മുതലാണ് വിവരങ്ങൾ ചോ൪ന്നത്. ആപിന്റെ പ്രൊമോഷന് വേണ്ടി സ്ഥാപിച്ച വെബ്സൈറ്റ് ബന്ധിപ്പിച്ച ആമസോൺ ക്ലൗഡ് സ്റ്റോറേജിൽ നിന്നാണ് വിവരങ്ങൾ ചോ൪ന്നതെന്നാണ് സൂചന.

ഉപയോക്താക്കളുടെ പേര്, ആധാ൪ നമ്പ൪, ലിംഗം, ജാതി, മതം, വിലാസം വിദ്യാഭ്യാസ സ൪ടിഫിക്കറ്റുകൾ, ബയോമെട്രിക് വിശദാംശങ്ങൾ, എന്നീ വ്യക്തിഗത വിവരങ്ങളും പാൻ നമ്പ൪, ബാങ്കിങ് അടക്കമുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുമാണ് ചോ൪ന്നിരിക്കുന്നത്. അതേസമയം നാഷണൽ പെയ്മെന്റ് കോ൪പ്പറേഷൻ ഓഫ് ഇന്ത്യ ആരോപണം നിഷേധിച്ചു.