ന്യൂഡെൽഹി: രാജ്യത്ത് അനുദിനം കൊറോണ രോഗികളുടെ എണ്ണം ഭീമമായി വർധിക്കുന്നതിനിടെ കൊറോണ രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തായി. ഫ്രാൻസിനെയും ജർമനിയെയും മറികടന്നാണ് ഇന്ത്യ എഴാമതെത്തിയത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ കൊറോണ കേസുകൾ റെക്കോർഡ് വേഗത്തിലാണ് കുതിച്ചുയരുന്നത്. ഡൽഹിയിൽ പതിനൊന്ന് ഡോക്ടർമാർ അടക്കം 13 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.
അമേരിക്ക, ബ്രസീൽ, റഷ്യ, സ്‌പെയിൻ, യു.കെ, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്ന് മുതൽ ആറ് വരെ സ്ഥാനങ്ങളിൽ. കൊറോണ കേസുകളുടെ എണ്ണത്തിൽ ഒൻപതാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒറ്റദിവസം കൊണ്ടാണ് രണ്ട് രാജ്യങ്ങളെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് എത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8392 പേര്‍ക്കാണ് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ 1,90,535 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5394 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇന്ത്യയിലെ കൊറോണ കേസുകള്‍ അധികം വൈകാതെ രണ്ട് ലക്ഷം കടന്നേക്കും.