ജോര്‍ദ്ദാനിലെ ആടുജീവിതം, കൊച്ചി ക്വാറൻറീൻ ജീവിതം; പൃഥ്വിരാജും സംഘവും ഇനി വീട്ടു ജീവിതത്തിന്

കൊച്ചി : ജോര്‍ദ്ദാനില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയ പൃഥ്വിരാജും സംഘവും ക്വാറന്റീന്‍ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി.
കേരളത്തിൽ എത്തിയ ശേഷം കഴിഞ്ഞ ഏഴു ദിവസങ്ങളായി ഫോര്‍ട്ട് കൊച്ചിയിലെ ക്വാറന്റീന്‍ സെന്ററുകളിലായിരുന്നു ഇവർ.

ആദ്യഘട്ട ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ പൃഥ്വിരാജ് താന്‍ വീട്ടിലേക്കു മടങ്ങുന്ന കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ക്വാറന്റീന്‍ ദിനങ്ങള്‍.

എന്റെ 7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ഇന്ന് അവസാനിക്കുന്നു. ഇനി ഏഴുദിവസം ഹോം ക്വാറന്റീനിലേക്ക് പോവുകയാണ്. ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിനും നന്നായി പരിശീലനം ലഭിച്ച ജീവനക്കാര്‍ക്കും പരിചരണത്തിനും നന്ദി. ഹോം ക്വാറന്റീനിലേക്ക് പോകുന്നവരും, ഇതിനകം ഹോം ക്വാറന്റീനില്‍ ഉള്ളവരുടെയും ശ്രദ്ധയ്ക്ക്. വീട്ടിലേക്ക് പോവുന്നു എന്നതിന് അര്‍ത്ഥം നിങ്ങളുടെ ക്വാറന്റീന്‍ കാലം കഴിഞ്ഞു എന്നല്ല. എല്ലാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുക. രോഗം പെട്ടെന്ന് ബാധിക്കാന്‍ സാധ്യതയുള്ള ഒരാളും വീട്ടില്‍ ഇല്ലെന്ന് ഉറപ്പാക്കുക എന്നാണ് പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

മെയ്‌ 22നാണ് കൊറോണാ വ്യാപനവും ലോക്ഡൗണും മൂലം ജോർദാനിൽ കുടുങ്ങിയ ‘ആടുജീവിതം’ ടീം കേരളത്തിലെത്തി.കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജും ഉൾപ്പെടുന്ന 58 അം​ഗ സംഘം സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 14 ദിവസങ്ങളായി കഴിഞ്ഞു വരികയായിരുന്നു.