തൊഴിലാളികളെ നാട്ടിലെത്തിച്ചില്ല; സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ കുറ്റപ്പെടുത്തി സുപ്രീം കോടതി. സംസ്ഥാനങ്ങളും കേന്ദ്രവും ജനങ്ങളെ സഹായിക്കാൻ എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചു.

തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ കൃത്യമായ സംവിധാനം വേണമെന്നും തൊഴിലാളികളെ നാട്ടിലെത്തിക്കാൻ എത്ര സമയം വേണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും കോടതി ചോദിച്ചു.

കോണ്‍ഗ്രസ്‌ നേതാക്കളും സാമൂഹ്യപ്രവര്‍ത്തക മേധാ പട്കറും അടക്കം കുടിയേറ്റത്തൊഴിലാളി പ്രശ്‌നത്തില്‍
നല്‍കിയ ഒട്ടേറെ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയോട് ഏകദേശം 50 ചോദ്യങ്ങളാണ് സുപ്രീം കോടതി ചോദിച്ചത്.

അന്തർ സംസ്ഥാന തൊഴിലാളികൾ രജിസ്ട്രേഷന് ശേഷം നാട്ടിലേക്ക് പോകാൻ വൈകുന്നത് എന്തുകൊണ്ടാണ്?
അവരോട് യാത്രയ്ക്ക് പണം ആവശ്യപ്പെട്ടിരുന്നോ? സംസ്ഥാനങ്ങൾ പണം നൽകുന്നുണ്ടോ എന്ന് നിരവധി ചോദ്യങ്ങൾ ആണ് കോടതി ഉന്നയിച്ചത്. തൊഴിലാളി പ്രശ്നം പരിഹരിക്കാൻ കേന്ദ്രം നടപടി സ്വീകരിച്ചുവെന്നതിൽ കോടതിക്ക് തർക്കമില്ല. എന്നാൽ സഹായം ആവശ്യമുള്ളവർക്ക് അത് ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളും ഒന്നും ചെയ്യുന്നില്ല. ടിക്കറ്റ് നിരക്കിൽ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു.

എന്നാൽ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ അവസാന തൊഴിലാളിയും തിരിച്ചുപോവുന്നതുവരെ തുടരുമെന്നും തുഷാർ മെഹ്ത വ്യക്തമാക്കി.