ഇസ്ലാമാബാദ്: ഇന്ത്യക്കെതിരേ ഭീഷണി മുഴക്കി പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. ഇന്ത്യയുടെ ഏത് ആക്രമണത്തിനും ഉചിതമായ പ്രതികരണം നൽകുമെന്നാണ് ഷാ മഹമൂദ് ഖുറേഷി പറഞ്ഞത്. ഏത് ഇന്ത്യൻ ആക്രമണതോടെ പ്രതികരിക്കാൻ രാജ്യത്തെ ജനങ്ങളും സായുധ സേനയും എല്ലായ്പ്പോഴും തയാറായിരിക്കണമെന്നും ഖുറേഷി പറഞ്ഞു .
ബുധനാഴ്ച ഇന്ത്യയുടെ ഒരു ഡ്രോൺ പാക് മണ്ണിൽ ഇറക്കിയതായി ഖുറേഷി ആരോപിച്ചു. ഇത് ഇന്ത്യയുടെ ആക്രമണത്തിന്റെ ഉദാഹരണമാണ് എന്നാണ് ഖുറേഷി പറഞ്ഞത്. അതേസമയം ഡ്രോൺ എവിടെയാണ് പതിച്ചത് എന്നുള്ളതിനെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.
പാകിസ്ഥാൻ സമാധാനത്തിന്റെ പാതയാണ് ഇഷ്ടപ്പെടുന്നതെന്നും എന്നാൽ ശാന്തതയോടുള്ള തങ്ങളുടെ താൽപര്യത്തെ ബലഹീനതയായി കാണരുതെന്നും ഖുറേഷി മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും, പ്രതിരോധത്തിനുള്ള പൂർണമായ അവകാശം പാകിസ്ഥാനിൽ നിക്ഷിപ്തമാണെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
അതേസമയം പാകിസ്ഥാൻ വിദേശ കാര്യ മന്ത്രിയുടെ ഈ പ്രസ്താവനകളോട് ഇന്ത്യൻ ഉദ്യോഗസ്ഥർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതിയും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റവും സംബന്ധിച്ച് ഖുറേഷിയും പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു. നേപ്പാളുമായുള്ള ഇന്ത്യയുടെ അതിർത്തിപ്രശ്നം കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും ഇമ്രാൻഖാൻ വിമർശനമുന്നയിച്ചിരുന്നു.
അതേസമയം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇമ്രാൻഖാനും മറ്റ് പാകിസ്ഥാൻ നേതാക്കളും ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതിനെ ഇന്ത്യ നിരസിക്കുകയാണ് ചെയ്തത്.