കാഠ്മണ്ഡു: നേപ്പാളിലെ കൊറോണ വൈറസ് വ്യാപനത്തിന് പിന്നിൽ ഇന്ത്യയാണെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. ശരിയായ രീതിയിലുള്ള പരിശോധനകൾ കൂടാതെ അതിർത്തി കടന്നെത്തുന്ന ഇന്ത്യക്കാരന് വൈറസ് വ്യാപനത്തിന് പിന്നിലെന്നാണ് ശർമ ഒലി പറയുന്നത്.
മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് നേപ്പാളിൽ മരണനിരക്ക് കുറവാണ്. ഇന്ത്യയിൽ നിന്നുള്ളവർ കൃത്യമായ പരിശോധനകൾ നടത്താതെയാണ് വരുന്നത്, ഇത് കൊറോണ വ്യാപനം വർധിക്കാൻ ഇടയാക്കുന്നു എന്നാണ് ശർമ ഒലി ട്വിറ്ററിലൂടെ ഇന്ത്യയെ കുറ്റപ്പെടുത്തിയത്. നേപ്പാളിൽ ഏറ്റവുമധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസം തന്നെയാണ് ഇന്ത്യക്കെതിരെ ശർമ ഒലി ആരോപണവുമായെത്തിയത്.
കൊറോണ പരിശോധന രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ രണ്ട് ശതമാനമായി വർധിപ്പിക്കുമെന്ന് ശർമ ഒലി പറഞ്ഞു . ആദ്യ ഘട്ടത്തിൽ ഒരു ലാബ് മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ ഇരുപതോളം ലാബുകൾ രാജ്യവ്യാപകമായി കൊറോണ പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ 72 പുതിയ കേസുകൾ കൂടിയാണ് നേപ്പാളിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ നേപ്പാളിൽ വൈറസ് ബാധിതരുടെ എണ്ണം 682 ആയി ഉയർന്നു.