തിരുവനന്തപുരം: സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 5 വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതികൾ 4 വർഷത്തിൽ പൂർത്തിയായി. പ്രകൃതിക്ഷോഭവും മഹാമാരികളും വന്നിട്ടും സംസ്ഥാനത്തിന്റെ വികസനരംഗം തളർന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ പ്രതിരോധിക്കാൻ സഹായകമായത് ആർദ്രം മിഷൻ പദ്ധതിയാണ്. നിപ്പയ്ക്കുശേഷം ഇത്തരം വെല്ലുവിളി നേരിടാൻ വൈറോളജി ലാബ് സജ്ജീകരിച്ചു. കിഫ്ബിയാണ് അതിജീവനത്തിന്റെ തനതുവഴി. കേന്ദ്രത്തില്‍നിന്ന് അർഹമായ സഹായം ലഭിക്കുന്നില്ല. കിഫ്ബി വഴി വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റമുണ്ടായി. എല്ലാവരെയും ഉൾക്കൊള്ളുന്ന നവകേരള സംസ്കാരം വളർത്തിയെടുത്തു. കമ്യൂണിറ്റി കിച്ചൻ രൂപീകരിച്ചത് ആരും പട്ടിണി കിടക്കാതിരിക്കാൻ. എല്ലാവരെയും ക്ഷേമപദ്ധതികളുടെ ഭാഗമാക്കാനായി.
ഇത്തവണ സംസ്ഥാന സർക്കാരിന്റെ വാർഷിക ആഘോഷമില്ലെന്നും കൊറോണ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം കേരളീയന്റെ ജീവിത ലക്ഷ്യമാക്കി മാറ്റാൻ സാധിച്ചു.
2017 നവംബർ അവസാനം ഓഖി ചുഴലിക്കാറ്റ്, 2018 ഓഗസ്റ്റ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം. നിപ്പ വൈറസിന്റെ വ്യാപനം തുടങ്ങി വിവിധ ദുരന്തങ്ങളാണ് സംസ്ഥാനം സഹിക്കേണ്ടിവന്നത്. വികസന ലക്ഷ്യത്തിനൊപ്പം ദുരന്തനിവാരണവും ഏറ്റെടുക്കേണ്ടിവന്നു. ഒരു ഘട്ടത്തിലും സംസ്ഥാനം പകച്ചു നിന്നില്ല. ലക്ഷ്യങ്ങളിൽനിന്ന് സർക്കാർ തെന്നി മാറിയില്ല. ജനങ്ങളുടെ ഒരുമയും സാഹോദര്യവും അതിജീവനത്തിന്റെ ശക്തി സ്രോതസ്സായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷനിലൂടെ രണ്ടു ലക്ഷം വീടുകൾ നിർമിച്ചു നൽകി. രാജ്യത്തിനും ലോകത്തിനും മാതൃകയാകാൻ കേരളത്തിനായി. സുതാര്യമായ ഭരണനിർവഹണമാണ് എൽഡിഎഫ് സർക്കാരിന്റെ മുഖമുദ്ര. കിണർ, കുളങ്ങൾ, തോടുകൾ എന്നിവ ശുദ്ധീകരിക്കാനായി.