ആഴ്ചയില്‍ 113 സര്‍വീസുകൾ; കൊച്ചി രാജ്യാന്തര വിമാനത്താവളം ആഭ്യന്തര സര്‍വീസുകള്‍ക്കൊരുങ്ങി

കൊച്ചി: രാജ്യത്ത് ആഭ്യന്തര വിമാന യാത്രകള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയതോടെ സര്‍വീസുകള്‍ക്കൊരുങ്ങി കൊച്ചി രാജ്യാന്തര വിമാനത്താവളം. വിമാനക്കമ്പനികള്‍ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. നിലവില്‍ 30% സര്‍വീസുകള്‍ നടത്തുന്നതിനാണ് വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ നിന്ന് ആഴ്ചയില്‍ 113 സര്‍വീസുകളായിരിക്കും ഉണ്ടാകുക. സമ്പൂര്‍ണമായി യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ചെക്ക്ഇന്‍, സുരക്ഷാ പരിശോധന, തിരിച്ചറിയല്‍ പ്രക്രിയകളാണ് ഇവിടെ നടക്കുക.

ആദ്യഘട്ട പട്ടിക പ്രകാരം മേയ് 25 മുതല്‍ ജൂണ്‍ 30 വരെ അഗത്തി, ബെംഗളൂരു, കോഴിക്കോട്, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബൈ, മൈസൂരു, പുണെ എന്നീ നഗരങ്ങളിലേക്കും തിരിച്ചുമായിരിക്കും സര്‍വീസ്. വെബ് ചെക്ക് ഇന്‍, ആരോഗ്യ സേതു മൊബൈല്‍ ആപ്, സ്വയം വിവരം നല്‍കല്‍ എന്നിവ സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്താന്‍. എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ എയര്‍ലൈനുകളാണ് സര്‍വീസ് നടത്തുന്നത്. യാത്രയ്ക്ക് നാലു മണിക്കൂര്‍ മുമ്പുതന്നെ യാത്രക്കാര്‍ക്ക് ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കാം. രണ്ടുമണിക്കൂറിനു മുമ്പെങ്കിലും ടെര്‍മിനലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം.

കേരളത്തില്‍ നിന്നു മറ്റു സംസ്ഥാനത്തേക്ക് പോകുന്നവര്‍ അതതു സ്ഥലങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇതിനുവേണ്ടി പാസ് ആവശ്യമാണെങ്കില്‍ അതു ലഭ്യമാക്കണം. കൊച്ചിയില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ക്വാറന്റീന്‍, കോവിഡ് ജാഗ്രതാ ആപ് സംബന്ധിച്ചുള്ള നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സൗകര്യങ്ങള്‍ കൊച്ചി വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.