ക്യാൻസർ ബാധിച്ച സ്ത്രീക്ക് ഭൂമി പതിപ്പിച്ചു നൽകി; മാത്യകയായി സർക്കാർ ഉദ്യോഗസ്ഥൻ

കൊച്ചി: ക്യാൻസർ ബാധിതയായ സ്ത്രീക്ക് സ്വന്തം ഭൂമിയുടെ ഒരു ഭാഗം പതിപ്പിച്ചു നൽകി സർക്കാർ ഉദ്യോഗസ്ഥൻ മാത്യകമായി. ഫയർ ആൻഡ് റെസ്ക്യൂ സർവീസസിലെ ലാസർ എന്ന ഉദ്യോഗസ്ഥനാണ് സ്തനാർബുദം മൂലം കഷ്ടപ്പെടുന്ന ഓമന റപ്പായി എന്ന സ്ത്രീക്ക് തന്റെ എട്ട് സെൻറ് ഭൂമിയുടെ ഒരു ഭാഗം രജിസ്റ്റർ ചെയ്തു നൽകിയത്.

തൃശൂർ കോടന്നൂർ സ്വദേശിയാണ് ഓമന. ലോക് ഡൗൺ സമയത്ത് തന്റെ കീമോ തെറാപ്പി ആവശ്യങ്ങൾക്ക് ആയി വകുപ്പിന്റെ സഹായം തേടിയിരുന്നു. എല്ലാ സഹായവും ഇതിനായി ചെയ്തത് കൂടാതെ തൊട്ടു പിന്നാലെ വടക്കാഞ്ചേരി സ്റ്റേഷൻ ഓഫീസർ ആയ ലാസർ തന്റെ ഭൂമിയിൽ നിന്നും 3 സെൻറ് സമ്മാനമായി നൽകുകയായിരുന്നു. രജിസ്ട്രേഷന് വേണ്ടി ആവശ്യമായ തുകയും ലാസർ തന്നെയാണ് ചിലവാക്കിയത്‌. 12 വർഷമായി ഇവർ വാടക വീട്ടിൽ താമസിക്കുന്നു. ഭർത്താവ് കുറെ മാസങ്ങൾ ആയി കയ്യൊടിഞ്ഞ് ജോലിക്ക് പോകാനാതെ വീട്ടിൽ ഇരിക്കുകയാണ്. ഭർത്താവ് ആസ്മ രോഗി കൂടിയാണെന്ന് ഓമന പറഞ്ഞു. വിവാഹം കഴിഞ്ഞ രണ്ടു പെൺമക്കൾ ആണ് ഓമനക്ക്‌ ഉള്ളത്. ഇവരുടെ വിവാഹത്തിന് വേണ്ടി അഞ്ച് സെൻറ് ഭൂമി വിറ്റിരുന്നു.

കഴിഞ്ഞ ആഴ്ച ഓമനക്ക് കീമോതെറാപ്പിക്ക് പോകാൻ യാത്ര സൗകര്യങ്ങൾ ഏർപ്പെടുത്താൻ പാറളം പഞ്ചായത്ത് പ്രസിഡൻറ് സന്ദീപ് വിളിച്ചപ്പോർ ലാസർ തൃശൂർ ഫയർ സ്റ്റ്റേഷനുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പിന്നീട് ഇവരെ സഹായിക്കാൻ പോയ ഡ്രൈവർമാർ പറഞ്ഞാണ് ലാസർ ഓമനയുടെ കുടുംബത്തിൻ്റെ അവസ്ഥ അറിഞ്ഞത്. കാര്യങ്ങൾ നേരിട്ടു കണ്ടു ബോധ്യപ്പെട്ട ലാസർ ഉടൻ തീരുമാനമെടുത്തു. അങ്ങനെയാണ്
സ്വന്തം ഭൂമി പതിച്ചു നൽകാൻ തീരുമാനിച്ചതെന്ന് ലാസർ പറഞ്ഞു.

ലാസറിനെ തനിക്ക് മുമ്പ് തന്നെ അറിയാമായിരുന്നുവെന്നും പ്രളയ സമയത്ത് തന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകൾ മാറ്റി വച്ച് ഒരു ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇദ്ദേഹം സംഭാവന നൽകിയിരുന്നുവെന്നും പാറളം പഞ്ചായത്ത് പ്രസിഡൻറ് സന്ദീപ് പറഞ്ഞു.