കൊച്ചി : മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് നേരിട്ട് വീട്ടില്‍ വിളിച്ചു വരുത്തി അദ്ദേഹവും മകനും ഉൾപ്പെട്ട കള്ളപ്പണക്കേസിലെ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്ന് പരാതിക്കാരൻ. പരാതി പിന്‍വലിച്ചാല്‍ അഞ്ചുലക്ഷം രൂപ നല്‍കാമെന്നും ഇബ്രാഹിംകുഞ്ഞ് തന്നോട് വാഗ്ദാനം ചെയ്തുവെന്നും പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു മൊഴി നല്കി.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഗിരീഷ് ബാബു വിജിലന്‍സിന് മൊഴി നല്‍കിയത്. ലീഗിലെ എതിര്‍ചേരിയിലുള്ള ചില നേതാക്കളാണ് പരാതിക്ക് പിന്നിലെന്ന് പറയാന്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഒരു കരാര്‍ ഉണ്ടാക്കണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു. പരാതി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ചില ലീഗ് നേതാക്കളുടെ പേര് ഉണ്ടാകണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു.
പാണക്കാട് ഹൈദരാലി തങ്ങള്‍ക്ക് നല്‍കാനാണ് കരാര്‍ എന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞത്. കള്ളപ്പണക്കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയായിരുന്നു എന്ന് താന്‍ സ്ഥിരീകരിച്ചിരുന്നു എന്നും ഗിരീഷ് ബാബു പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
രണ്ടാഴ്ചയ്ക്കകം പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി വിജിലന്‍സ് ഐജിക്ക് നിര്‍ദേശം നല്‍കിയത്. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ് പത്തുകോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഗിരീഷ് ബാബു പരാതിപ്പെട്ടിരുന്നത്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണിതെന്നും ഇയാള്‍ ആരോപിക്കുന്നു. പരാതിയില്‍ വിജിലന്‍സും എന്‍ഫോഴ്സ്മെന്റും അന്വേഷണം തുടരുകയാണ്.