സിങ്കപ്പൂര്‍: ഇപ്പോഴിതാ കോടതി വധശിക്ഷവിധിച്ചതും സൂം ആപ്പ് വഴി. മയക്കുമരുന്ന് കേസിലെ പ്രതിക്കാണ് സൂം ആപ്പിലൂടെ കോടതി വധശിക്ഷ വിധിച്ചത്. മലേഷ്യക്കാരനായ പുനിതന്‍ ഗണേശനാണ് കോടതി സൂം ആപ്പിലൂടെ ശിക്ഷ വിധിച്ചത്. രാജ്യം ലോക്ക്ഡൗണിലായ സാഹചര്യത്തിലാണ് വിധി വീഡിയോ കോളിലൂടെയാക്കിയത്. 37 വയസ്സുകാരനായ പുനിതന്‍ 2011 മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന കേസിലാണ് വധശിക്ഷ വിധിച്ചത്.
ലോക്ക്ഡൗണിനിടയിൽ ഏറ്റവും അധികം ശ്രദ്ധനേടിയ ആപ്പാണ് സൂം ആപ്പ്.
ഒരു ക്രിമിനല്‍ കേസിൽ ഇത്തരത്തില്‍ വിധി പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. അതേസമയം വധശിക്ഷ വിധിക്കുന്ന കേസില്‍ സൂം ആപ്പ് ഉപയോഗിച്ചതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. സംഭവത്തോട് സൂം ആപ്പ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ മുതല്‍ സിങ്കപ്പൂരില്‍ കോടതികള്‍ അടഞ്ഞുകിടക്കുകയാണ്. ഈ സ്ഥിതി ജൂണ്‍ വരെ തുടരുമെന്നാണ് അറിയുന്നത്. എന്നാൽ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കേസ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തിയെന്ന് സുപ്രീംകോടതി വക്താവ് അറിയിച്ചു. ഒരു ക്രിമിനല്‍ കേസ് ഇത്തരത്തില്‍ വിധി പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണെന്നും വക്താവ് വ്യക്തമാക്കി.