തൃശ്ശൂർ: പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടിയകളേ പൊതു ഇടങ്ങളിൽ കൊണ്ടു പോകരുതെന്ന കേന്ദ്ര നിർദ്ദേശം ലംഘിച്ച് സ്വകാര്യ സ്കൂളിൽ പ്രവേശന പരീക്ഷ നടത്തി. സംഭവം വിവാദമായതോടെ പരീക്ഷ നടത്തിയ സ്കൂൾ മാനേജ്മെൻ്റിനും നേതൃത്വം നൽകിയ അധ്യാപകർക്കും വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളേയും പ്രതിയാക്കി പൊലീസ് കേസെടുത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷകളോ ക്ലാസോ പാടില്ലെന്ന ലോക്ക് ഡൗൺ നിർദേശം മറികടന്നാണ് തൃശ്ശൂരിൽ സ്വകാര്യ സ്കൂൾ പ്രവേശന പരീക്ഷ നടത്തിയത്. തൃശ്ശൂർ കുന്നംകുളത്തെ ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ നടന്നത്. ലോക്ക് ഡൗൺ നിർദേശം മറികടന്നും പത്ത് വയസിന് താഴെ പ്രായമുള്ള 24 വിദ്യാർത്ഥികളാണ് സ്കൂളിലെത്തി പരീക്ഷ എഴുതിയത്.
അതേസമയം സാമൂഹിക അകലം പാലിച്ചാണ് വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയതെന്നാണ് സ്കൂൾ മാനേജ്മെൻ്റിൻ്റെ വാദം.
അറുപത് വയസിന് മുകളിൽ പ്രായമുള്ളവരും പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടിയകളേയും കൊറോണ വ്യാപനത്തിന് സാധ്യതയുള്ളവരെ ഹൈ റിസ്ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോക്ക് ഡൗൺ കാരണം ഈ വർഷത്തെ എസ്എസ്എൽസി – ഹയർ സെക്കൻഡറി പരീക്ഷകളും സർവ്വകലാശാല, പിഎസ്.സി പരീക്ഷകളും മുടങ്ങി കിടക്കുമ്പോൾ ആണ് ആറ് വയസുള്ള കുരുന്നുകളെ വച്ച് സ്വകാര്യ സ്കൂൾ മാനേജ്മെൻ്റ പ്രവേശന പരീക്ഷ നടത്തിയത്.