ചെന്നൈ : കൊറോണ വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിലും ലോക്ഡൗൺ മെയ് 31 വരെ നീട്ടി. കൊറോണ രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലും ലോക് ഡൗൺ ഈ മാസം 31 വരെ നീട്ടിയിരുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗൺ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇരു സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടിയത്.
തമിഴ്നാട്ടിൽ കൊറോണ ബാധിതരുടെ എണ്ണം 10,000 കടന്നു. 10,585 പേർക്കാണ് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നുമരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 74 ആയി ഉയർന്നു.
തമിഴ്നാട്ടിലെ 37 ജില്ലകളിൽ 12 ജില്ലകൾ അതിതീവ്ര കൊറോണ വ്യാപനം നടക്കുന്ന മേഖലകളാണ്.
ഈ 12 ജില്ലകളിലും മൂന്നാംഘട്ടത്തിൽ ഏർപ്പെടുത്തിയിരുന്ന ലോക് ഡൗൺ നിയന്ത്രണങ്ങൾ അതേപോലെ തന്നെ തുടരും.
മറ്റ് 25 ജില്ലകളിൽ ഇളവുകളോടെ ലോക്ക്ഡൗൺ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്നതിന് പാസ് വേണ്ട തുടങ്ങിയ ഇളവുകളാകും ഇവിടെ ലഭിക്കുക.
സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ നഗര പ്രദേശങ്ങളിലേത് ഉൾപ്പെടെയുള്ള വ്യാപാരശാലകൾക്ക് അമ്പതുശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിപ്പിക്കാമെന്ന ഇളവും നൽകിയിട്ടുണ്ട്.