വാഷിങ്ടൺ: കൊറോണ വൈറസ് പ്രതിരോധത്തിൽ അമേരിക്കയിൽ വരുന്ന വീഴചയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് അമേരിക്കൻ മുൻപ്രസിഡന്റ് ബരാക് ഒബാമ. സർവകലാശാല ബിരുദദാനച്ചടങ്ങിൽ പങ്കെടുത്ത് ഓൺലൈനായി സംസാരിക്കുന്നതിനിടെയാണ് ഒബാമ ട്രംപിനെതിരെ പരോക്ഷമായി വിമർശനം ഉന്നയിച്ചത്.
പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരിൽ പലരും പ്രവർത്തിക്കുന്നില്ലെന്നു മാത്രമല്ല അതിന് ഉത്തരവാദപ്പെട്ട ആളാണെന്ന് ഭാവിക്കുകപോലും ചെയ്യുന്നില്ലെന്ന് ഒബാമ കുറ്റപ്പെടുത്തി. അമേരിക്കയിൽ കൊറോണ വ്യാപനം നിയന്ത്രിക്കാൻ സാധിക്കാത്തത് പ്രസിഡന്റിന്റെ കഴിവില്ലായ്മയാണെന്നും ഒബാമ പറഞ്ഞു.
കൊറോണവൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ട്രംപിന് സാധിക്കാത്തതിനെ ഒബാമ നേരത്തെയും ട്രംപിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു . ‘മഹാദുരന്തം’ എന്നാണ് കൊറോണ പ്രതിസന്ധിയെ പ്രസിഡന്റ് ട്രംപ് കൈകാര്യം ചെയ്യുന്നതിനെ മെയ് ആദ്യം ഒബാമ വിശേഷിപ്പിച്ചത്.
കൊറോണ വ്യാപന സമയത്തു പോലും രാജ്യത്തു
വംശീയ വിവേചനം കൂടിവരികയാണെന്നും രാജ്യത്തെ കറുത്ത വർഗക്കാരനുഭവിച്ചിരുന്ന അധിക്ഷേപം വർധിച്ചതായും ഒബാമ പറഞ്ഞു. ജോർജിയയിൽ ജോഗിങ്ങിനിടെ അഹ്മദ് ആർബർ എന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു.
കൊറോണ വ്യാപനം ആദ്യഘട്ടത്തിൽ ഫലപ്രദമായി തടയാൻ സാധിക്കാത്തതിൽ ട്രംപിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനമുയർന്നിരുന്നു.