സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകൾക്ക് പുറമേ തൃശൂർ, പാലക്കാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആയിരിക്കും. കേരള തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ലെന്ന് നിർദ്ദേശമുണ്ട്.

വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു.