കാലവര്‍ഷം നേരത്തെ; ന്യൂനമര്‍ദം ഇന്ന് ശക്തിയാര്‍ജിക്കും; നാളെ ചുഴലിക്കാറ്റ്

തിരുവനന്തപുരം : ഇനി അധികം താമസമില്ല. എപ്പോൾ വേണമെങ്കിലും മൺസൂൺ തുടങ്ങാം.മെയ് അവസാനം മണ്‍സൂണ്‍ സംസ്ഥാനത്ത് എത്തുമെന്നാണ് പ്രവചനം. ഇത് പതിവിലും നേരത്തേയെന്ന് വ്യക്തം.

സാധാരണ ജൂണിലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നത്. ഇത്തവണ മെയ് 28 ന് സംസ്ഥാനത്ത് കാലവര്‍ഷത്തിന് തുടക്കമാകുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് പ്രവചിക്കുന്നത്.

സാഹചര്യങ്ങളില്‍ മാറ്റം വന്നാല്‍ കാലവര്‍ഷ മഴ ഒന്നോ രണ്ടോ ദിവസം നേരത്തെയോ അല്ലെങ്കില്‍ വൈകിയോ എത്താനും സാധ്യതയുണ്ടെന്നും സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മണ്‍സൂണ്‍ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സ്‌കൈമെറ്റിലെ കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ശക്തിയാര്‍ജ്ജിക്കുമെന്നും, നാളെയോടെ ചുഴലിക്കാറ്റാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ചുഴലിക്കാറ്റിൻ്റെ സഞ്ചാരപാതയില്‍ അല്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

മെയ് 22ഓടെ മാത്രമേ ആന്‍ഡമാനില്‍ കാലവര്‍ഷം കനക്കൂ എന്നാണ് കേന്ദ്രകാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മെയ് 25നും ജൂണ്‍ 8നും ഇടയിലാണ് കാലവര്‍ഷം പൊതുവേ കേരളത്തില്‍ ആരംഭിക്കാറുള്ളത്. 2009ല്‍ മെയ് 23ന് കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചിരുന്നു. പക്ഷേ 2016ലും പിന്നീട് 2019ലും കാലവര്‍ഷം എത്താന്‍ ജൂണ്‍ എട്ട് വരെ കാത്തിരിക്കേണ്ടി വന്നിരുന്നു.