ഇറച്ചിക്കോഴി വില ഉയരുന്നു ; കോഴിക്കോട്ട് ചിക്കൻ വിൽപ്പന നിർത്തി കച്ചവടക്കാർ

കോഴിക്കോട്: ഒരു ഘട്ടത്തിൽ നൂറിൽ താഴെയെത്തിയ ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു. കേരളത്തിലെ ഫാമുകളില്‍ കോഴികളില്ലാത്തതും ലോക്ഡൗണിനെത്തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കോഴി വരവ് കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കാസര്‍കോ‍ട്ട് 170 രൂപയാണ് ഇന്നത്തെ വില. മലബാറിൽ പലയിടത്തും 165 ആണ് വില. എന്നാൽ തെക്കന്‍ ജില്ലകളില്‍ മിക്കയിടങ്ങളിലും 160 രൂപയാണ് വില. അതേ സമയം കളക്ടർ വില നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ചിക്കൻ സ്റ്റാളുകൾ ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും.

സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കോഴി വില നിലം പൊത്തിയിരുന്നു. ലോക്ഡൗണിലേക്ക് രാജ്യം പോയതോടെ കോഴി വരവ് നിലച്ചുതുടങ്ങി. പിന്നീട് പക്ഷിപ്പനി പേടിച്ച് കേരളത്തിലെ ചെറുകിട കര്‍ഷകര്‍ കോഴിക്കുഞ്ഞുങ്ങളെ ഇറക്കാതായതോടെ കോഴിക്ക് കടുത്ത ക്ഷാമമായി. സംസ്ഥാനത്തെ വന്‍കിടക്കാരുടെ ഇന്‍റഗ്രേറ്റഡ് ഫാമുകളിലെ കോഴിയുടെ വില കൂട്ടിയതോടെ വില കുതിച്ചുയര്‍ന്ന് തുടങ്ങി. മീനിന്‍റെ വരവ് കുറഞ്ഞതും കോഴിവില കൂടാൻ കാരണമായി.

കാസര്‍കോഡ് ജില്ലയിൽ കോഴിക്ക് 170 രൂപ വിലയുള്ളപ്പോള്‍ ഇനിയും വില കൂടിയേക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വില കൂടിയതോടെ കച്ചവടം കുറഞ്ഞതായും കച്ചവടക്കാര്‍ പറയുന്നു.

അതേസമയം വില നിയന്ത്രണം ഏർപ്പെടുത്തിയ ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ചിക്കൻ സ്റ്റാളുകൾ ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും. ഇറച്ചിക്കോഴിക്ക് വില കുത്തനെ കൂട്ടുന്നുവെന്ന പരാതിയെ തുടർന്ന് പരമാവധി വില കിലോയ്ക്ക് 165 ആയി കോഴിക്കോട് ജില്ല കളക്ടർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇറച്ചിക്കോഴി വ്യാപാരികൾ കടകൾ അടച്ചിടുന്നത്.