കുവൈറ്റ് : കൊറോണ മരണങ്ങൾക്കൊപ്പം കുവൈറ്റിൽ ഹൃദ്രോഗ മരണങ്ങളും വർധിക്കുന്നു. കൊറോണ ബാധിച്ചും ഹൃദ്രോഗബാധയെത്തുടർന്നും കുവൈറ്റിൽ അഞ്ചു മലയാളികൾ മരിച്ചു. മൂന്നു പേർ കൊറോണ ബാധിച്ചും രണ്ടു പേർ ഹ്യദ്രോഗത്തെ തുടർന്നുമാണ് മരിച്ചത്. കൊറോണ വൈറസ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞ കൊല്ലം അഞ്ചൽ ഏരൂർ, നടക്കുന്നം പുറം അശ്വതിഭവനിൽ രേണുക തങ്കമണി(ബിജി-47),മലപ്പുറം മുന്നിയൂർ വെളിമുക്ക് സ്വദേശി മണക്കടവൻ സൈദലവി (56),തലശേരി പാനൂർ കൂരാറ സ്വദേശി അഷ്രഫ് എരനൂർ ( 56) എന്നിവരാണ് മരിച്ചത്.



ഹൃദ്രോഗബാധയെത്തുടർന്ന് തിരുവനന്തപുരം കണ്ണാന്തുറ സ്വദേശി ക്രിസ് ഹൗസിൽ ആന്റണി തോമസ് (73) കോഴിക്കോട് ബാലുശേരി കാക്കൂർ സ്വദേശി കുരുവങിൽ ജാഫർ (43 ) എന്നിവരാണു മരിച്ചത്.

കൊറോണ ബാധിച്ച് അമീരി ആശുപത്രിയിൽ മരിച്ച അഷ്രഫ് എരനൂർ കുവൈറ്റിൽ മുബാറക്കിയയിൽ സ്നാക്ക്സ് ഷോപ് നടത്തുകയായിരുന്നു. ഭാര്യ: റഹ്മത്ത്. മക്കൾ: അജ്മൽ , അനസ്, റന. കൊറോണ വൈറസ് ബാധിച്ച് ജാബിർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു മരിച്ച മലപ്പുറം സ്വദേശി സൈദലവി.
ഫർവാനിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു മരിച്ച രേണുക തങ്കമണി.
ഹൃദ്രോഗബാധയെത്തുടർന്ന് മരിച്ച ആന്റണി ശുവൈഖിലെ വർക്ക് ഷോപ്പിൽ ജീവനക്കാരനായിരുന്നു . ഭാര്യയും രണ്ടു മക്കളുമുണ്ട്. മരിച്ച ജാഫറിനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിലാണു അബ്ബാസിയയിലെ കാർ പാർക്കിൽ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണു മരണകാരണം എന്നാണു പ്രാഥമിക വിവരം. കർട്ടൺ ജോലികൾ ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഷഫീനയാണു ഭാര്യ. മക്കൾ മിസ് അബ് ,ആലിയ , നുഫൈസ് .