വയനാട്: കഞ്ചാവ് കേസിലെ പ്രതി കൂടിയായ കൊറോണ രോഗി വയനാട്ടിൽ പൊലീസിനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും തലവേദനയായി . ട്രക്ക് ഡ്രൈവറുടെ രണ്ടാം ഘട്ട സമ്പര്‍ക്ക പട്ടികയിലുള്ള കഞ്ചാവ് കേസിലെ പ്രതിക്ക് രോഗം സ്ഥിരീകരിച്ചതോടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനു ശ്രമം തുടങ്ങിയെങ്കിലും ഒരു തരത്തിലും സഹകരിക്കുന്നില്ലെന്നാണ് വിവരം.
പൊലീസുകാര്‍ പിപിഇ കിറ്റ് ധരിച്ച് ഡോക്ടറുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തിട്ടും സമ്പര്‍ക്ക പട്ടികയെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടില്ല. ഈ യുവാവിൽ നിന്നാണ് പൊലീസുകാർക്ക് രോഗം പകർന്നത്. ജില്ലയിൽ രോഗം ബാധിച്ച രണ്ടുപേരുടെ റൂട്ട് മാപ്പ് ഇതുവരെ തയാറായിട്ടില്ല.
രോഗബാധിതർ കുത്തനെ കൂടിയതോടെ വയനാടില്‍ അതിവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗം പടരുന്ന മാനന്തവാടി മേഖലയില്‍ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. രണ്ട് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എസ്പിയുൾപ്പടെ ജില്ലയിലെ എഴുപത് പൊലീസുകാർ ക്വാറന്റൈനിലേക്ക് മാറി.
കേരളത്തില്‍ ആദിവാസി വിഭാഗക്കാർ ഏറ്റവും കൂടുതലുള്ള മാനന്തവാടി താലൂക്കിലാണ് രോഗം പടരുന്നത്. ഇവിടെ മൂന്ന് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും പൂർണമായും കണ്ടെയിൻമെന്റ് സോണാണ് . റവന്യൂ ഉദ്യോഗസ്ഥർക്ക് പഞ്ചായത്തടിസ്ഥാനത്തില്‍ ചുമതല നല്കി കർശന നിയന്ത്രണങ്ങൾ ഇവിടങ്ങളിൽ നടപ്പാക്കും.
മാനന്തവാടി ഡിവൈഎസ്പിയും, സിഐയുംഉൾപ്പടെ അന്‍പത് പൊലീസുദ്യോഗസ്ഥരും, ബത്തേരി സ്റ്റേഷനിലെ ഇരുപത് പൊലീസുകാരുമാണ് നിരീക്ഷത്തിലുള്ളത്. ഇതില്‍ മാനന്തവാടി ഡിവൈഎസ്പിയുമായി സമ്പര്‍ക്കത്തിലേർപ്പെട്ടതിനെ തുടർന്നാണ് മുന്‍കരുതല്‍ നടപടിയെന്നോണം ജില്ലാ പൊലീസ് മേധാവിയും വീട്ടില്‍ നിരീക്ഷണത്തിലായത്. കൂടുതല്‍ പൊലീസുകാരുടെ പരിശോധനാ ഫലവും ഇന്ന് ലഭിക്കും.