മുംബൈ : കൊറോണയെത്തുടർന്ന് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 27.1 ശതമാനമായി വർധിച്ചതായി റിപോർട്ടുകൾ. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയാണ് ഇതുസംബന്ധിച്ചുള്ള കണക്കുകൾ പുറത്തു വിട്ടത്. ഇതുപ്രകാരം 11.4 കോടി തൊഴിലുകള്‍ ഇല്ലാതായെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്. യുഎസുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ തൊഴില്‍ നഷ്ടം നാലിരട്ടി കൂടുതലാണ്.
കൊറോണ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത നഗരപ്രദേശങ്ങളിലെ റെഡ്സോണുകളിലാണ് തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയർന്നത്. 29.22 ശതമാനമാണ് ഇവിടുത്തെ തൊഴിലില്ലായ്മാ നിരക്ക്.
യുവാക്കാള്ക്കാണ് ഏറ്റവും കൂടുതല്‍ ജോലി നഷ്ടപ്പെട്ടത്. ഏപ്രിലില്‍ 20നും 39 മിടയില്‍ ആറ് കോടി യുവാക്കള്‍ക്കാണ് ജോലി നഷ്ടപ്പെട്ടതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമി (CMIE) പറയുന്നു. 29.22 ശതമാനമാണ് നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ ഗ്രാമ പ്രദേശങ്ങളിൽ ഇത് 26 ശതമാനമാണ്.
ലോക്ക് ഡൗണിന് മുന്‍പ് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനം മാത്രമായിരുന്നു. ഏപ്രിലിലോടെ ഇത് 21.1 ശതമാനമായി കുത്തനെ ഉയരുകയായിരുന്നു. ഏപ്രിൽ അവസാനത്തോടെ പുതുച്ചേരിയിലാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 75.8 ശതമാനമാണ് ഇവിടുത്തെ നിരക്ക്. തമിഴ്നാട്ടിൽ 49.8 ശതമാനവും ജാർഖണ്ഡിൽ 47.1 ശതമാനവും ബിഹാറിൽ 46.6 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്. തൊഴിൽ നഷ്ടപെട്ട ഏറിയ പേരും ചെറുകിട കച്ചവടക്കാർ, ദിവസവേതനക്കാർ എന്നിവരാണ്.
കൂടാതെ സാമ്പത്തിക പ്രവർത്തനത്തിന്റെ മുഖ്യ അളവുകോലായ വ്യാവസായിക ഉത്പാദനം 16.7 ശതമാമായി കുറയുകയും ചെയ്തു. അതേസമയം യുഎസില്‍ മൂന്നു കോടി പേര്‍ക്കാണ് ലോക്ക്ഡൗണിന്റെ ആദ്യത്തെ ആറാഴ്ചയില്‍ തൊഴില്‍ നഷ്ടമായത്.