എട്ട് വിസിമാര്‍ക്ക് നിയമനം ലഭിച്ചത് മുതലുള്ള ശമ്പളം തിരികെപ്പിടിയ്ക്കാന്‍ ഗവര്‍ണര്‍; നിയമോപദേശം തേടി

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം തിരികെപ്പിടിയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ നിയമോപദേശം തേടി. നിയമനം ലഭിച്ചത് മുതല്‍ ഇതുവരെ വാങ്ങിയ ശമ്പളം തിരികെ പിടിയ്ക്കുന്നതിന്റെ നിയമസാധുതകളാണ് പരിശോധിക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇത് സംബന്ധിച്ച് വൈകാതെ ഉത്തരവ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുജിസി ചട്ടപ്രകാരമല്ലാതെ നിയമനം നേടിയെന്ന കാരണം ചൂണ്ടിക്കാട്ടി വിസിമാര്‍ക്ക് ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നവംബര്‍ മൂന്നിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ ശമ്പളം തിരികെപ്പിടിക്കുന്നത് നിയമപരമാണോയെന്നും കോടതിയുടെ തീരുമാനത്തിന് ഇതില്‍ എത്രമാത്രം പ്രാധാന്യമുണ്ട് എന്നതടക്കമുള്ള കാര്യങ്ങളിലാണ് ഗവര്‍ണര്‍ നിയമോപദേശം തേടുന്നത്.

ചട്ടപ്രകാരമല്ലാതെ നിയമനം ലഭിച്ചവരുടെ ശമ്പളം തിരികെപ്പിടിക്കണമെന്ന അഭിപ്രായം നേരത്തെ തന്നെ ഗവര്‍ണര്‍ക്കുണ്ടായിരുന്നു. ഈ അഭിപ്രായത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിശദമായ നിയമോപദേശം തേടിയിരിക്കുന്നത്.