തിരുവനന്തപുരം: പാറശ്ശാലയില്‍ കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് കഷായവും ജ്യൂസും കുടിച്ച് അവശനിലയിലായി ഷാരോണ്‍ രാജ് എന്ന യുവാവ് മരിച്ച കേസിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് റൂറല്‍ എസ്.പി അറിയിച്ചു. മരണകാരണം കണ്ടെത്താന്‍ ആരോഗ്യവിദഗ്ധരുടെ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
ഷാരോണിന്റെ മരണത്തില്‍ ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഷാരോണിന്റെ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നാണ് മരണമൊഴിയില്‍ പറയുന്നത്. ഇതേ മൊഴി തന്നെയാണ് പൊലീസിനും ഷാരോണ്‍ നല്‍കിയിരിക്കുന്നത്.
റെക്കോര്‍ഡ് ബുക്ക് വാങ്ങാന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയ ഷാരോണ്‍ അവിടെ നിന്ന് കഷായവും ജ്യൂസും കഴിച്ച ശേഷം അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ച് ഒക്ടോബര്‍ 25-നായിരുന്നു ഷാരോണിന്റെ മരണം.