മോസ്‌കോ: യുക്രെയ്‌നില്‍ ആണവായുധം പ്രയോഗിക്കേണ്ടിവരില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. യുദ്ധത്തിന് ഇന്ധനം പകരുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും യുക്രെയ്‌നെതിരായ സംഘര്‍ഷത്തില്‍ സൈനികമായും സാമ്പത്തികമായും നഷ്ടമുണ്ടെങ്കിലും ആത്യന്തിക വിജയം റഷ്യയ്ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നില്‍ റഷ്യ ആണ്വായുധപ്രയോഗം നടത്തുമോയെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുടിന്റെ പുതിയ പ്രതികരണം.
ആണവായുധം പ്രയോഗിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ല. രാഷ്ട്രീയപരമായും സൈനികപരമായും അത്തരമൊരു ഉദ്ദേശം ഇല്ലെന്നും പുടിന്‍ പറഞ്ഞു. അമേരിക്കയും സഖ്യരാജ്യങ്ങളും ചേര്‍ന്ന് അവരുടെ നയങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈ ആധിപത്യ മത്സരം അപകടകരവും വൃത്തിയില്ലാത്തതും രക്തരൂഷിതവുമെന്നാണ് പുടിന്‍ അഭിപ്രായപ്പെട്ടത്.
ലോകത്തിനുമേല്‍ പാശ്ചാത്യരാജ്യങ്ങള്‍ക്കുള്ള ശക്തിയില്‍ കുറവുണ്ടാകാന്‍ പോവുകയാണ്. ചരിത്രപരമായ ആ ദൗത്യത്തിന് റഷ്യ മുന്നില്‍ നില്‍ക്കും. നാറ്റോയോടും പാശ്ചാത്യ രാജ്യങ്ങളോടും പറയാനുള്ളത് ശത്രുക്കളെ ഉണ്ടാക്കുകയെന്നത് നിര്‍ത്തുകയെന്നതാണ്. നമുക്ക് ഒരുമിച്ച് മുന്നേറാമെന്നുള്ളതാണ് റഷ്യയുടെ മുദ്രാവാക്യമെന്നും പുടിന്‍ പറഞ്ഞു.