കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരുന്ന് മാറി കുത്തിവെച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ടതായി ബന്ധുക്കളുടെ ആരോപണം. കൂടരഞ്ഞി സ്വദേശി സിന്ധു(45)ആണ് പനി ബാധിച്ച് ചികിത്സയിലിക്കെ മരിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളെജ് പൊലീസ് കേസെടുത്തു.
ഇന്നലെയാണ് സിന്ധുവിനെ പനി ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് അല്പം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് മടങ്ങാനിരിക്കെയാണ് യുവതി മരിച്ചത്. രാവിലെ നഴ്‌സ് തുടര്‍ച്ചയായി രണ്ട് തവണ ഇന്‍ജക്ഷന്‍ നല്‍കിയതിന് പിന്നാലെ യുവതിയുടെ നില വഷളാവുകയായിരുന്നു. നഴ്‌സിന് സംഭവിച്ച പിഴവാണെന്നാണ് ബന്ധുക്കളുടെ ആരോപണം.