Home Featured ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി എല്‍ദോസ് കുന്നപ്പിള്ളി; ഫോണും പാസ്‌പോര്‍ട്ടും പിടിച്ചെടുത്തു

ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി എല്‍ദോസ് കുന്നപ്പിള്ളി; ഫോണും പാസ്‌പോര്‍ട്ടും പിടിച്ചെടുത്തു

0

തിരുവനന്തപുരം: അധ്യാപികയുടെ പീഡനപരാതിയില്‍ ബലാല്‍സംഗക്കുറ്റത്തിന് കേസെടുത്ത പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. കേസില്‍ എല്‍ദോസിന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ ഹാജരായത്.

അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായ എല്‍ദോസിന്റെ മൊബൈല്‍ ഫോണുകളും പാസ്‌പോര്‍ട്ടും പൊലീസ് പിടിച്ചെടുത്തു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചേക്കും. നവംബര്‍ ഒന്ന് വരെ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാനും കേരളം വിട്ടുപോകരുതെന്നും മുന്‍കൂര്‍ ജാമ്യ ഉപാധിയില്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും പൊലീസ് എല്‍ദോസ് കുന്നപ്പിള്ളിയെ ചോദ്യം ചെയ്യാന്‍ സാധ്യതയേറെയാണ്.

യുവതിയുടെ പരാതിയില്‍ ബലാല്‍സംഗക്കുറ്റത്തിന് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവിലായിരുന്ന എം.എല്‍.എ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് ശേഷം ഇന്നലെയാണ് പെരുമ്പാവൂരിലെ വീട്ടില്‍ മടങ്ങിയെത്തിയത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയെന്ന് തെളിയിക്കപ്പെടുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സംഭവത്തില്‍ കെ.പി.സി.സി നേതൃത്വത്തിന് എല്‍ദോസ് കുന്നപ്പിള്ളി നല്‍കിയ വിശദീകരണത്തിന് വൈകാതെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here