
കൊച്ചി: ദലിത് യുവതിയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ലഭിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സിവിക് ചന്ദ്രന്‍ എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുന്‍കൂര്‍ ജാമ്യം നല്‍കിയ കോഴിക്കോട് സെഷന്‍സ് കോടതിയുടെ നടപടി ചോദ്യം ചെയ്ത് പരാതിക്കാരിയും വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും നല്‍കിയ അപ്പീലുകള്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
രണ്ട് കേസുകളാണ് സിവിക് ചന്ദ്രനെതിരെയുള്ളത്. ഇതില്‍ ഒരു കേസില്‍ സിവിക് ചന്ദ്രന്റെ പ്രായം പരിഗണിച്ച് അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം തുടരാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ പരാതിക്കാരി നല്‍കിയ ഹര്‍ജിയില്‍ ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തിരുന്നു.