വോട്ടര്‍മാര്‍ക്ക് 20 ഭാഷകളില്‍ നന്ദിയറിയിച്ച് ശശി തരൂര്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് ശശി തരൂര്‍ എം.പി. ഇരുപത് ഭാഷകളിലായാണ് തരൂര്‍ ട്വിറ്ററിലൂടെ തന്റെ നന്ദി പ്രകാശിപ്പിച്ചത്.

ഈയൊരു ചരിത്രസംഭവത്തെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പരിണാമത്തില്‍ ഒരു നാഴികക്കല്ലായി മാറ്റുന്നതില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദിയറിയ്ക്കുന്നതായി ശശി തരൂര്‍ കുറിയ്ക്കുന്നു.

ഡെല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് രാവിലെ 10 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. ഉച്ചയോടെ ഫലം അറിയാം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗികമായ ഫലപ്രഖ്യാപനവും വൈകാതെയുണ്ടാകും. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയാണ് എണ്ണുന്നത്. അതേസമയം ഉത്തര്‍പ്രദേശില്‍ കള്ളവോട്ട് ചെയ്തുവെന്ന തരൂര്‍ വിഭാഗത്തിന്റെ പരാതിയെത്തുടര്‍ന്ന് യു.പിയിലെ വോട്ടുകള്‍ പ്രത്യേകമായാണ് എണ്ണുക.