ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടിനെ തള്ളി തോഴിയായിരുന്ന വി.കെ.ശശികല. ജയലളിതയുടെ ചികിത്സയില്‍ ഇടപെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച എല്ലാ നടപടികളും സ്വീകരിച്ചത് മെഡിക്കല്‍ സംഘമാണെന്നും അവര്‍ പ്രതികരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം വേണ്ടെന്ന് തീരുമാനിച്ചത്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും വി.കെ.ശശികല മൂന്ന് പേജുള്ള പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
‘അമ്മയുടെ മരണത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ജയലളിതയുടെ ചികിത്സയില്‍ ഇടപെട്ടിട്ടില്ല. ഈ കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ മെഡിസിന് പഠിച്ചിട്ടില്ല. ചികിത്സാസംബന്ധമായ എല്ലാ നടപടികളും സ്വീകരിച്ചത് മെഡിക്കല്‍ സംഘമാണ്. അമ്മയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശം. വിദേശത്ത് കൊണ്ടുപോയി ചികിത്സിക്കുന്നതിനും ഞാന്‍ തടസ്സം നിന്നിട്ടില്ല.’ശശികല വിശദീകരിക്കുന്നു.
ജയലളിതയുടെ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രി തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട ആരോപണത്തില്‍, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയാണതെന്നാണ് ശശികലയുടെ വിശദീകരണം. ലോകനിലവാരമുള്ള ഡോക്ടര്‍മാരാണ് അവിടെയുള്ളത്. ജയലളിത നേരത്തെയും അവിടെയാണ് ചികിത്സ തേടിയത്. എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദ്ദേശപ്രകാരമാണ് ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം വേണ്ടെന്ന് തീരുമാനിച്ചതെന്നും ശശികല വിശദീകരിച്ചു. സൗഹൃദത്തിന്റെ മാതൃകയായിരുന്നു താനും ജയലളിതയുമെന്നും, തങ്ങളെ വേര്‍പെടുത്താന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നതായും ശശികല പറഞ്ഞു.
ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും തോഴി ശശികലയടക്കം നാല് പേര്‍ക്കെതിരെ അന്വേഷണം വേണമെന്നുമായിരുന്നു ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന് തമിഴ്നാട് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. വിദേശത്ത് നിന്ന് ജയലളിതയെ ചികിത്സിക്കാനെത്തിയ ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് നടത്തിയില്ല. മരണവിവരം പൊതുസമൂഹത്തെ അറിയിച്ചത് ഒരു ദിവസം വൈകിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ശശികല, ജയലളിതയുടെ ഡോക്ടര്‍ കെ.എസ്.ശിവകുമാര്‍, മുന്‍ ആരോഗ്യമന്ത്രി സി.വിജയഭാസ്കര്‍, മുന്‍ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന് എന്നിവര്‍ക്ക് വീഴ്ചയുണ്ടായതായും അന്വേഷണം നടത്തണമെന്നും കമ്മീഷന് റിപ്പോര്‍ട്ടിലുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് തമിഴ്നാട് സര്‍ക്കാര്‍ ഇന്നലെ നിയമസഭയില്‍ വെച്ചത്.
ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ 2016 ഡിസംബറിലാണ് ജയലളിത മരിച്ചത്. ഒട്ടേറെ ദുരൂഹതകള്‍ ആരോപിക്കപ്പെട്ട പശ്ചാത്തലത്തില്‍ 2017-ലാണ് അന്നത്തെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്.