
തിരുവനന്തപുരം: അധ്യാപികയുടെ പീഡനപരാതിയില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയ്ക്കെതിരെ രണ്ട് വകുപ്പുകള്‍ കൂടി ചുമത്തി ജില്ലാ ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വധശ്രമം, വസ്ത്രാക്ഷേപം നടത്തുക എന്ന ഉദ്ദേശത്തോടെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കൂടിയാണ് ചേര്‍ത്തിരിക്കുന്നത്. എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അധ്യാപികയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഒളിവിലാണ്. എം.എല്‍.എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും പൊലീസ് തുടരുന്നുണ്ട്. അതേസമയം എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയില്‍ വരുന്ന 20-ന് കോടതി വിധി പറയും.