Home News എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി പ്രതിപ്പട്ടികയില്‍; ലുക്കൗട്ട് നോട്ടീസ്

എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി പ്രതിപ്പട്ടികയില്‍; ലുക്കൗട്ട് നോട്ടീസ്

0

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിന്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൂടി പൊലീസ് പ്രതി ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, പ്രാദേശിക പ്രവര്‍ത്തക ടി.നവ്യ എന്നിവരാണ് പ്രതികള്‍. എ.കെ.ജി സെന്റര്‍ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അതേസമയം ഇരുവരും ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം ഈര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ആക്രമണത്തില്‍ പ്രധാന പ്രതിയും ആസൂത്രകനുമാണ് സുഹൈലെന്ന് ക്രൈബ്രാഞ്ച് അന്വേഷംസംഘം പറയുന്നു. ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത് മുതല്‍ പടക്കമെറിയാന്‍ ആളെ ഏല്‍പ്പിച്ചതടക്കം ഇയാളാണെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിലുണ്ട്. ഇതിനിടെ സുഹൈല്‍ ഷാജഹാന്‍ രാജ്യം വിട്ടതായി സൂചനയുണ്ട്.

മുന്‍പ് പിടിയിലായ ജിതിന്റെ സുഹൃത്താണ് ടി.നവ്യ. ആര്‍.എസ്.പിയുടെ പ്രാദേശിക നേതാവായ ഇവര്‍ കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആറ്റിപ്ര വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. ആക്രമണത്തിന് ജിതിനെ സഹായിച്ച കുറ്റമാണ് നവ്യയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിന് മുമ്പ് ജിതിന് വാഹനമെത്തിച്ചതും സംഭവത്തിന് ശേഷം വാഹനം കൊണ്ടുപോയതും നവ്യയായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പൊലീസ് ശേഖരിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി ജിതിന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here